കോവിഡ് 19: അസ്ട്രാസെനക വാക്‌സിന്‍ വേണ്ടെന്ന് ഉത്തര കൊറിയ

astra zeneca

പ്യോംങ്യാംഗ് : അസ്ട്രാസെനക വാക്‌സിന്‍ വേണ്ടെന്ന് ഉത്തര കൊറിയ. പാര്‍ശ്വഫലങ്ങളുണ്ടാകുമെന്ന ഭീതിയെ തുടര്‍ന്നാണ് ഉത്തരകൊറിയ വാക്‌സിന്‍ നിരസിച്ചത്. ലോകാരോഗ്യ സംഘടനയുടെ കൊവാക്‌സ് വിതരണ പദ്ധതിയിലൂടെ 20 ലക്ഷം വാക്‌സിന്‍ ഡോസുകളാണ് ഉത്തര കൊറിയയ്ക്കായി നീക്കിവച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് അസ്ട്രാസെനക വാക്‌സിന്‍ വേണ്ടെന്ന് ഉത്തര കൊറിയ അറിയിക്കുകയായിരുന്നു, 

 രാജ്യത്ത് ഇതുവരെ ഒരു കോവിഡ് കേസ് പോലും  റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഉത്തര കൊറിയയുടെ വാദം. അസ്സെനകയുടെ വാക്‌സിന്‍ അല്ലാതെ മറ്റു വാക്‌സിനുകള്‍ രാജ്യത്ത് വിതരണം ആരംഭിക്കാനാണ് നീക്കമെന്ന് ഉത്തര കൊറിയന്‍ അധികൃതര്‍ വ്യക്തമാക്കി. ചൈനീസ് കോവിഡ് വാക്‌സിനുകളോടും താത്പര്യമില്ലെന്ന് ദേശീയ സുരക്ഷാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, വിദേശരാജ്യങ്ങളുടെ ഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനിച്ച് ചൈനയും ഉത്തരകൊറിയയും. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹാര്‍ദ്ദത്തിന്റെ 60ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സന്ദേശം കൈമാറിയത്. ഇരുരാജ്യങ്ങള്‍ക്കുമെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സൗഹാര്‍ദ്ദം ശക്തമാക്കാന്‍ തീരുമാനിച്ചത്.