കൊവിഡ് വകഭേദം 'ഇഹു'; വ്യാപക ശേഷിയിൽ ഒമിക്രോണിനേക്കാൾ മുന്നിൽ

77
പാരീസ്: ലോകരാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആശങ്കയ്ക്ക് ആക്കം കൂട്ടി പുതിയൊരു വകഭേദം കൂടി സ്ഥിരീകരിച്ചു. ബി.1.640.2 എന്ന ഈ വകഭേദം,​ ലോകാരോഗ്യ സംഘടന അംഗീകരിച്ച് പുനർനാമകരണം ചെയ്യുന്നത് വരെ ഇഹു (ഐ.എച്ച്.യു) എന്നറിയപ്പെടും. 

ഇഹു(ഐ.എച്ച്.യു) മെഡിറ്ററാൻ ഇൻഫെക്ഷൻ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് ഈ വകഭേദത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ നിന്നും ദക്ഷിണ ഫ്രാൻസിലെ മാർസെയിൽസിലെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഇയാളുമായി അടുത്തിടപഴകിയ 12 പേരിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വകഭേദത്തിന് ഒമിക്രോണിനെക്കാൾ വ്യാപന ശേഷി കൂടുതലാണെന്നാണ് വിവരം.

വുഹാനിൽ പടർന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തിൽ നിന്ന് 46 ജനിതക വ്യതിയാനങ്ങൾ സംഭവിച്ച വൈറസാണ് ഇപ്പോൾ പടരുന്നതെന്നാണ് റിപ്പോർട്ടുകൾ. പലതവണ വ്യതിയാനം സംഭവിച്ചതിനാൽ ഈ വൈറസിന് വാക്സിനുകളിൽ നിന്ന് പ്രതിരോധ ശക്തി ലഭിച്ചിരിക്കാനുള്ള സാധ്യതയും കൂടുതലാണ്. ലോകാരോഗ്യ സംഘടന നിലവിൽ പുതിയ വകഭേദം അംഗീകരിച്ചിട്ടില്ല.