വധശിക്ഷയ്ക്കുവിധിക്കപ്പെട്ട ഇന്ത്യക്കാരൻ കുൽഭൂഷൺ ജാധവിന് സൈനികകോടതി വിധിക്കെതിരേ അപ്പീൽ നൽകാം

x
 
ഇസ്‌ലാമാബാദ്: ചാരവൃത്തിക്കുറ്റം ആരോപിച്ച് വധശിക്ഷയ്ക്കുവിധിക്കപ്പെട്ട ഇന്ത്യക്കാരൻ കുൽഭൂഷൺ ജാധവിന് സൈനികകോടതി വിധിക്കെതിരേ അപ്പീൽ നൽകാം. വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാൻ അവസരം നൽകുന്ന നിയമത്തിന് പാകിസ്താൻ പാർലമെൻറ് അംഗീകാരം നൽകി.

അന്താരാഷ്ട്ര നീതിന്യായകോടതി(ഐ.സി.ജെ.) സമ്മർദത്തെത്തുടർന്നാണ് പാക് സർക്കാരിന്റെ നടപടി. സെനറ്റിലെയും ദേശീയ അസംബ്ലിയിലെയും അംഗങ്ങൾ പങ്കെടുത്ത സംയുക്ത പാർലമെന്റ് സമ്മേളനം ബുധനാഴ്ച നിയമത്തിന് അംഗീകാരം നൽകുകയായിരുന്നു. ജൂണിൽ ഇതുസംബന്ധിച്ച ബിൽ ദേശീയ അസംബ്ലി പാസാക്കിയിരുന്നെങ്കിലും സെനറ്റിന്റെ അംഗീകാരം നേടാനായില്ല. ഭരണകക്ഷിയായ തെഹ്‌‌രിക്ക് ഇൻസാഫ് പാർട്ടിക്കും സഖ്യകക്ഷികൾക്കും സെനറ്റിൽ ഭൂരിപക്ഷമില്ലാത്തതാണ് തിരിച്ചടിയായത്. ഇതോടെ ദേശീയ അസംബ്ലിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ബിൽ സംയുക്തസമ്മേളനത്തിൽ പാസാക്കുകയായിരുന്നു. പാക് സെനറ്റിൽ 100 അംഗങ്ങളും ദേശീയ അസംബ്ലിയിൽ 342 അംഗങ്ങളുമാണുള്ളത്.

നിയമത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. നിയമം സർക്കാർ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവും പാകിസ്താൻ മുസ്‌ലിം ലീഗ്(നവാസ്) തലവനുമായ ഷെഹബാസ് ഷരീഫ് ആരോപിച്ചു. നിയമത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്ന് മറ്റൊരു പ്രതിപക്ഷപാർട്ടിയായ പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ നാവികസേനയിൽനിന്ന്‌ വിരമിച്ച ജാധവിനെ 2016-ൽ ബലൂചിസ്താൻ പ്രവിശ്യയിൽവെച്ചാണ് പാകിസ്താൻ പോലീസ് അറസ്റ്റുചെയ്തത്. 2017 ഏപ്രിലിൽ രാജ്യദ്രോഹം, ഭീകരപ്രവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി സൈനിക കോടതി അദ്ദേഹത്തിന്‌ വധശിക്ഷ വിധിക്കുകയായിരുന്നു.