മണ്ണിടിച്ചിൽ: ഇന്തോനേഷ്യയിൽ 11 മരണം; നിരവധിപ്പേരെ കാണാതായി

Landslide in Indonesia kills at least 11
 

ജക്കാർത്ത: കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഇന്തോനേഷ്യയിൽ 11 പേർ മരിച്ചു. നിരവധിപ്പേരെ കാണാതായി. 

നാറ്റുനയിലെ സെരാസൻ ഗ്രാമത്തിനു ചുറ്റുമുള്ള കുന്നുകളിൽനിന്ന് വൻതോതിൽ മണ്ണിടിഞ്ഞു വീടുകൾക്കു മുകളിലേക്കു വീഴുകയായിരുന്നു. കാണാതായവർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.

50ൽപരം ജനങ്ങളെ കാണാതായെന്നാണ് പ്രാഥമിക വിവരമെന്ന് നാഷനൽ ഡിസാസ്റ്റർ മിറ്റിഗേഷൻ ഏജൻസി വക്താവ് അബ്ദുൽ മുഹാരി പറഞ്ഞു. രക്ഷാപ്രവർത്തകർ 11 മൃതദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കാമെന്ന് ഉദ്യോഗസ്ഥർ കണക്കാക്കുന്നു. പ്രതികൂല കാലാവസ്ഥാ മൂലം ദുരിതബാധിത പ്രദേശങ്ങളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. 


റിയാവു ദ്വീപിലെ മണ്ണിടിച്ചിലിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിത്രങ്ങളിൽ പല വീടുകളും പൂർണമായും ചെളിയിൽ മൂടപ്പെട്ട നിലയിലാണ്. കനത്ത മഴയും മണ്ണിടിച്ചിലും പ്രദേശത്തെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയെ തടസ്സപ്പെടുത്തിയതായും മിക്ക പ്രദേശങ്ങളിലും വൈദ്യുതി നിലച്ചതായും റിയാവു ദ്വീപ് ദുരന്ത ഏജൻസി വക്താവ് ജുനൈന പറഞ്ഞു. അതിനു മുകളിലൂടെ ഇപ്പോഴും ശക്തമായ കാറ്റ് വീശുന്നുണ്ട്.