കുരങ്ങുവസൂരി: സ്വവർഗാനുരാഗികളായ പുരുഷന്മാര് ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യസംഘടന

ജനീവ: കുരങ്ങുവസൂരി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ ജാഗ്രതാ നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന. സ്വവർഗാനുരാഗികളായ പുരുഷന്മാരോടാണ് കൂടുതൽ ജാഗ്രത പാലിക്കാൻ ഡബ്ല്യു.എച്ച്.ഒ മേധാവി തെദ്രോസ് അദാനം ഗെബ്രിയേസസ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ ആളുകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറയ്ക്കാനാണ് നിർദേശം.
''പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ പങ്കാളികളുടെ എണ്ണം കുറയ്ക്കണം. പുതിയ ആളുകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പുനരാലോചിക്കണം.''-അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ പങ്കാളികളുമായി ബന്ധത്തിൽ ഏർപ്പെട്ടാൽ അക്കാര്യം ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും തെദ്രോസ് ഗെബ്രിയേസസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കുരങ്ങുവസൂരി റിപ്പോർട്ട് ചെയ്തതിൽ 98 ശതമാനവും സ്വവർഗാനുരാഗികളായ പുരുഷന്മാരിലാണെന്ന് വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. മസാച്യുസെറ്റ്സ് മെഡിക്കൽ സൊസൈറ്റിയുടെ ജേണലായ 'ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനി'ൽ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച പഠനം ഉദ്ധരിച്ചാണ് എ.എഫ്.പിയുടെ റിപ്പോർട്ട്.
ഗേ, ബൈസെക്ഷ്വൽ പുരുഷന്മാരിലാണ് ഇത്തരത്തിൽ രോഗം കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ തന്നെ 95 ശതമാനവും സ്വവർഗരതിയിലൂടെയാണെന്ന് പഠനത്തിൽ സൂചിപ്പിക്കുന്നു.