നെതന്യാഹു യുഗത്തിന് മൂക്കുകയറിട്ട് ഇസ്രയേലില്‍; നാടകീയ നീക്കങ്ങള്‍

netanyahu

ടെല്‍ അവീവ്: ഇസ്രായേലില്‍ ഒരു പതിറ്റാണ്ടിലേറെ നിലനിന്ന ബിന്‍യമിന്‍ നെതന്യാഹു ഭരണം അവസാനിക്കുന്നു. മുന്‍ പ്രതിരോധ വകുപ്പ് മേധാവി നാഫ്റ്റലി ബെനറ്റ് നയിക്കുന്ന തീവ്ര വലതുപക്ഷ കക്ഷിയായ 'യമീന', പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് നെതന്യാഹുവിന് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത്.

നേരത്തെ ജൂണ്‍ രണ്ടിനകം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡിനെ ക്ഷണിച്ചിരുന്നു. സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ വോട്ടു സമാഹരിക്കുന്നതില്‍ നേരത്തെ വിജയിക്കുമെന്ന് കരുതിയെങ്കിലും ഗാസ ആക്രമണത്തോടെയാണ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത്. ഗാസ ആക്രമണത്തെ തുടര്‍ന്ന് അറബ് കക്ഷി പിന്‍വാങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് ടെലിവിഷന്‍ പ്രഭാഷണത്തില്‍ ലാപിഡിനൊപ്പം സര്‍ക്കാറുണ്ടാക്കുമെന്ന് ബെനറ്റ് പ്രഖ്യാപനം നടത്തിയിരുന്നു. ബെനറ്റിന്റെ യമീന പാര്‍ട്ടിക്ക് ആറു സീറ്റുണ്ട്. അതുകൂടിയായാല്‍ 120 അംഗ സഭയില്‍ ലാപിഡിന്റെ യെഷ് അതീദ് പാര്‍ട്ടിക്ക് ഭരണത്തിലേറാം. 
കരാര്‍ പ്രകാരം ആദ്യം പ്രധാനമന്ത്രിയായി ബെനറ്റ് തന്നെയെത്തും. നിശ്ചിത കാലയളവു കഴിഞ്ഞാല്‍ ലാപിഡിന് കൈമാറും. അതേസമയം, ബെനറ്റ് നടത്തിയത് നൂറ്റാണ്ടിന്റെ ചതിയാണെന്ന് പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു. ഇസ്രായേലിന്റെ സുരക്ഷക്കും ഭാവിക്കും ഈ സഖ്യം ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

2019 ഏപ്രില്‍ മുതല്‍ നാലു തെരഞ്ഞെടുപ്പ് കണ്ട ഇസ്രായേല്‍ വീണ്ടും തെരഞ്ഞെടുപ്പിലേക്കെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍, ബെനറ്റ് കൂടി എത്തുന്നതോടെ ഐക്യ സര്‍ക്കാര്‍ സാക്ഷാത്കരിക്കപ്പെടും. ഇസ്രായേല്‍ ആക്രമണം ആരംഭിച്ച തുടക്കത്തിലേ ലാപിഡ്- ബെനറ്റ് ചര്‍ച്ചകള്‍ സജീവമായിരുന്നു.