പഞ്ച്ശീര്‍ പിടിച്ചടക്കിയെന്ന് താലിബാന്‍; പുതിയ സര്‍ക്കാരിനെ 24 മണിക്കൂറിനുളളില്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്

 Zabihullah Mujahid
 

കാബൂള്‍: പഞ്ച്ശീര്‍ പൂര്‍ണ്ണമായും പിടിച്ചടക്കിയതായി താലിബാന്‍ പ്രഖ്യാപിച്ചു. താലിബാന്‍ വക്താവ് സബീബുല്ല മുജാഹിദ് ആണ് തിങ്കളാഴ്ച പഞ്ച്ശീര്‍ താലിബാന്‍ നിയന്ത്രണത്തിലായതായി പ്രഖ്യാപിച്ചത്. അഫ്ഗാനിസ്ഥാനില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയ സര്‍ക്കാരിനെ താലിബാന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കാബൂളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം ഉടനെയുണ്ടാകുമെന്നും ഇതിന്‍റെ ചടങ്ങുകളിലേക്ക് തുര്‍ക്കി, ചൈന, റഷ്യ, പാകിസ്ഥാന്‍, ഇറാന്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളെ ക്ഷണിച്ചതായും അദ്ദേഹം അറിയിച്ചു. പുതിയ സര്‍ക്കാര്‍ രൂപികരണം സംബന്ധിച്ച ചടങ്ങുകള്‍ എന്തൊക്കെയെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇസ്ലാമിക സര്‍ക്കാരില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ഇനി ആയുധമെടുക്കുന്ന അഫ്ഗാനികളെ സര്‍ക്കാരിന്റെ ശത്രുക്കളായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പഞ്ച്ശീറില്‍ പാകിസ്ഥാന്‍റെ പിന്തുണയോടെ ആക്രമണം നടന്നുവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചില്ല. പകരം പാക് സഹായത്തോടെ പഞ്ച്ശീറില്‍ നടത്തിയ താലിബാന്‍ ആക്രമണത്തെ സബീഹുള്ള ന്യായീകരിക്കുകയായിരുന്നു. 'ഈ പ്രശ്‌നം സമാധാനപൂര്‍ണ്ണമായി ഒത്തുതീര്‍പ്പാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ കാബൂളില്‍ നിന്നും രക്ഷപ്പെട്ടവര്‍ താലിബാനുമായി യുദ്ധം ചെയ്യാമെന്ന് ചിന്തിച്ചു. ഇനി പ്രശ്‌നം സൃഷ്ടിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ പഞ്ച്ശീറിലേതുപോലെ അവരെ കൈകാര്യം ചെയ്യും. അഫ്ഗാന്റെ മുന്‍ വൈസ് പ്രസിഡന്റായിരുന്ന അംറുല്ല സാലേയുടെ വിവരങ്ങള്‍ അറിയില്ല. അയാള്‍ക്ക് വേണ്ടി വേട്ട തുടരും. വൈകാതെ പഞ്ച്ശീറില്‍ വൈദ്യുതിയും ഇന്‍റര്‍നെറ്റും പുനസ്ഥാപിക്കും,' സബീഹുള്ള പറഞ്ഞു.
 
അതേസമയം പഞ്ച്ശീര്‍ താഴ്‌വരയിലെ പോരാട്ടത്തിന് നേതൃത്വം നല്‍കിയ മുന്‍ വൈസ് പ്രസിഡന്‍്‌റ് അമറുളള സലേ അഫ്ഗാന്‍ വിട്ട് താജിക്കിസ്ഥാനില്‍ അഭയം തേടിയതായും താലിബാന്‍ വ്യക്തമാക്കി. എന്നാല്‍ പഞ്ച്ശീറില്‍ നാഷണല്‍ റെസിസ്റ്റന്‍സ് ഫോഴ്‌സ്(എന്‍ആര്‍എഫ്) പോരാട്ടം തുടരുകയാണെന്ന് എന്‍ആര്‍എഫ് നേതാവ് അഹമ്മദ് മസൂദ് പറഞ്ഞു.