വിയറ്റ്നാമിൽ കണ്ടെത്തിയത് കോവിഡിന്‍റെ പുതിയ വകഭേദമല്ല: ലോകാരോഗ്യ സംഘടന

who

ന്യൂയോര്‍ക്ക്: വിയറ്റ്നാമിൽ അടുത്തിടെ കണ്ടെത്തിയത് കോവിഡിന്റെ പുതിയ വകഭേദമല്ലെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിന്റെ (B.1.617) ഭാഗമാണിതെന്നും വിയറ്റ്നാമിലെ ഡബ്യൂ.എച്ച്.ഒ പ്രതിനിധി കിഡോങ് പാർക്ക് വ്യക്തമാക്കി. ഇതിൽ കൂടുതൽ പഠനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ലോകാരോഗ്യ സംഘടനയുടെ നിർവചന പ്രകാരം വിയറ്റ്നാമിൽ നിലവിൽ പുതിയ ഹൈബ്രിഡ് വകഭേദങ്ങളൊന്നുമില്ല. അധിക ജനികതമാറ്റം സംഭവിച്ച ഡെൽറ്റ വകഭേദമാണിത്. ഇതിൽ കൂടുതൽ നിരീക്ഷണം ആവശ്യമാണെന്നും കിഡോങ് പാർക്ക് നിക്കി ഏഷ്യയ്ക്ക് നൽകിയ ഓൺലൈൻ അഭിമുഖത്തിൽ വ്യക്തമാക്കി.

രാജ്യത്ത് കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഇന്ത്യൻ, യു.കെ വകഭേദങ്ങളുടെ സങ്കരയിനമാണെന്നാണ് നേരത്തെ വിയറ്റ്നാം ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത്. ഇതു വായുവിലൂടെ അതിവേഗം പടർന്നുപിടിക്കുമെന്നും കൂടുതല്‍ അപകടകാരിയാണെന്നും വിയറ്റ്നാം മുന്നറിയിപ്പ് നൽകിയിരുന്നു.

ചുരുങ്ങിയ സമയം കൊണ്ട് രാജ്യത്ത് വളരെയധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു കാരണം ഈ വകഭേദമാണെന്നായിരുന്നു വിയറ്റ്‌നാം ആരോഗ്യമന്ത്രാലയം അറിയിച്ചത്. വിയറ്റ്നാമിലെ ജന ബാഹുല്യമുള്ള വ്യാവസായിക മേഖലകളിലാണ് പുതിയ ഇനം വ്യാപിച്ചതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.