അഫ്ഗാനിലെ സ്ത്രീകളെ ഒരു കായിക ഇനത്തിലും പങ്കെടുക്കാന്‍ അനുവദിക്കില്ല: താലിബാന്‍

No sports for Afghan women, as it exposes their body: Taliban
 


കാബൂള്‍: അഫ്ഗാനിസ്താനിലെ സ്ത്രീകളെ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍. ക്രിക്കറ്റ് അടക്കമുള്ള ഒരു കായിക ഇനത്തിലും സ്ത്രീകളെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് എസ്ബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ സാംസ്കാരിക കമ്മീഷന്‍ ഡെപ്യൂട്ടി ചീഫ് അഹമ്മദുള്ള വാസിക് വ്യക്തമാക്കി.


"കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന അവസ്ഥയില്‍ മുഖവും ശരീരവും മറയ്ക്കാത്ത ഒരു സാഹചര്യം അവർ അഭിമുഖീകരിച്ചേക്കാം. സ്ത്രീകളെ ഇങ്ങനെ കാണാൻ ഇസ്ലാം അനുവദിക്കുന്നില്ല.  ഇത് മാധ്യമ യുഗമാണ്. ഫോട്ടോകളും വീഡിയോകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആളുകൾ അത് കാണാനും സാധ്യതയുണ്ട്. തുറന്നുകാണിക്കുന്ന രീതിയിലുള്ള ക്രിക്കറ്റ് അടക്കമുള്ള ഒരു കായിക മത്സരത്തിലും അതിനാല്‍ സ്ത്രീകളെ പങ്കെടുക്കാനനുവദിക്കില്ല"- അഹമ്മദുള്ള വാസിക് പറഞ്ഞു.
 
"കായിക മത്സരങ്ങള്‍ സ്ത്രീകള്‍ക്ക് അവശ്യമുള്ളതായല്ല ഇസ്ലാം കണക്കാക്കുന്നത്. ഒരു കായിക മത്സരത്തിലും ഇസ്ലാമിലെ സ്ത്രീകള്‍ക്ക് അനുചിതമായ വസ്ത്രം ധരിക്കാനാവില്ല.  ഞങ്ങൾ ഞങ്ങളുടെ മതത്തിനായി പോരാടി. വിപരീത പ്രതികരണങ്ങൾ ഉണ്ടായാലും ഞങ്ങൾ ഇസ്ലാമിക മൂല്യങ്ങൾ മറികടക്കുകയില്ല. ഞങ്ങളുടെ ഇസ്ലാമിക നിയമങ്ങൾ ഞങ്ങൾ ഉപേക്ഷിക്കില്ല."- വാസിക് വിശദമാക്കി.

2020 നവംബറിലാണ് 25 വനിതാ ക്രിക്കറ്റ് താരങ്ങളുമായി അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് കരാറില്‍ ഏര്‍പ്പെട്ടത്. 40 വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് 21 ദിവസം കാബൂളില്‍ വച്ച് പരിശീലന ക്യാംപും നടത്തിയിരുന്നു.  ഐസിസിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഒരു ദേശീയ വനിതാ ടീം ഉണ്ടാവണമെന്നാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ മാനദണ്ഡം. ഇത് പാലിക്കുന്നവര്‍ക്ക് മാത്രമാണ് ടെസ്റ്റ് കളിക്കാന്‍ അനുമതി ഐസിസി നല്‍കുന്നത്.