പാകിസ്ഥാനിൽ അധ്യാപകർ ജീൻസും ടീഷർട്ടും ധരിക്കുന്നതിന് വിലക്ക്: വിജ്ഞാപനം പുറത്തിറക്കി

Pakistan bans jeans teachers
 

ഇസ്ലാമാബാദ് : അധ്യാപകരുടെ വസ്ത്ര ധാരണയിൽ പുതിയ ഉത്തരവുമായി പാകിസ്ഥാൻ ഫെഡറൽ ഡിറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ (എഫ്ഡിഇ). അധ്യാപികമാർ ഇനി മുതൽ ജീൻസും ടീഷർട്ടും ടൈറ്റ്സും ധരിക്കരുതെന്നും അധ്യാപകന്മാർ ജീൻസും ടീഷർട്ടും ധരിക്കരുതെന്നും പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഉത്തരവ് എല്ലാ സ്കൂളുകളിലേക്കും കോളേജുകളിലേക്കും അയച്ചു കഴിഞ്ഞു.

അധ്യാപകർ വ്യക്തി ശുചിത്വവും ബാഹ്യമായ വൃത്തിയും കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു. ജീവനക്കാർ ഓരോരുത്തരും വേഷവിധാനത്തിലും വ്യക്തിശുചിത്വത്തിലും മാന്യത പുലർത്തണമെന്നും കത്തിൽ നിർദേശിക്കുന്നു. വൃത്തിയുടെ മാനദണ്ഡമായി ഉൾപ്പെടുത്തിയിരിക്കുന്നത് മുടി വെട്ടുന്നത്, തടി ട്രിം ചെയ്യുന്നത്, നഖം വെട്ടുന്നത്, കുളിക്കുന്നത്, സുഗന്ധതൈലങ്ങൾ ഉപയോഗിക്കുന്നത് തുടങ്ങിയവയാണ്. ജോലി സമയം, ഔദ്യോഗിക കൂടിച്ചേരലുകൾ, യോഗങ്ങൾ, ക്യാമ്പസ്സിൽ ഉണ്ടാകുമ്പോഴെല്ലാം ഈ മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.


എല്ലാ അധ്യാപകരും ക്ലാസ്റൂമിൽ ടീച്ചിംഗ് ഗൌണും ലാബോറട്ടറിയിൽ ലാബ് കോട്ടും ധരിക്കണം. അധ്യാപികമാർ മാന്യാമായ, സൽവാർ കമ്മീസ്, ട്രൌസർ, ഷർട്ട്, ഒപ്പം ഷാളും ധരിക്കണമെന്നാണ് ആവശ്യം. ഹിജാബ് അല്ലെങ്കിൽ സ്കാർഫ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. മഞ്ഞ് കാലത്ത് അധ്യാപികമാർക്ക് കോട്ട്, ബ്ലേസേഴ്സ്, സ്വെറ്റർ, ഷാൾ എന്നിവ ധരിക്കാം. അതും മാന്യമായ നിറത്തിലും ഡിസൈനിലുമുള്ളത് ആകണമെന്നും ഉത്തരവിൽ പറയുന്നു.