
ഇസ്‌ലാബാമാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയെ നിരോധിക്കാനൊരുങ്ങി സർക്കാർ. ഇമ്രാന്റെ അറസ്റ്റിനു പിന്നാലെ സൈനിക സ്ഥാപനങ്ങൾക്ക് നേരെ പാർട്ടി പ്രവർത്തകർ നടത്തിയ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു.
'നിലവിൽ പിടിഐ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല. എന്നാൽ ആലോചനയും അവലോകനവും നടക്കുന്നുണ്ട്'- മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജ്യത്തുടനീളമുള്ള സൈനിക സ്ഥാപനങ്ങൾ നശിപ്പിച്ചത് ഇമ്രാൻ ഖാൻ ആസൂത്രണം ചെയ്ത ആക്രമണങ്ങൾ ആണെന്ന് ഖവാജ ആസിഫ് ആരോപിച്ചു. അതിന് ഒരുപാട് തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുൻ ഭരണകക്ഷിയെ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചാൽ വിഷയം പാർലമെന്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തെ തന്റെ എതിരാളിയായാണ് മുൻ പ്രധാനമന്ത്രി കണക്കാക്കിയതെന്നും മന്ത്രി ആരോപിച്ചു.
മെയ് ഒമ്പതിന് ഇമ്രാൻ ഖാന്റെ അറസ്റ്റിന് ലാഹോർ കോർപ്‌സ് കമാൻഡർ ഹൗസ്, മിയാൻവാലി എയർബേസ്, ഫൈസലാബാദിലെ ഐഎസ്‌ഐ കെട്ടിടം എന്നിവയുൾപ്പെടെ നിരവധി സൈനിക സ്ഥാപനങ്ങൾ പി.ടി.ഐ പ്രവർത്തകർ നശിപ്പിച്ചിരുന്നു. റാവൽപിണ്ടിയിലെ കരസേനാ ആസ്ഥാനവും ജനക്കൂട്ടം ആക്രമിച്ചു.
അക്രമാസക്തമായ ഏറ്റുമുട്ടലുകളിൽ 10 പേരാണ് മരിച്ചത്.