ബലാത്സംഗകേസില്‍ പൊലീസ് പിടിച്ചാല്‍ മരുന്നുപയോഗിച്ച് വന്ധ്യംകരണം; ബില്‍ പാസാക്കി പാകിസ്താന്‍ പാര്‍ലമെന്‍റ്

Pakistan Parliament approves chemical castration of those convicted of multiple rapes
 


ഇസ്ലാമാബാദ്:  ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് മരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള ഷണ്ഡീകരണം (chemical castration) നടത്താനുള്ള ബില്‍ പാകിസ്താന്‍ പാര്‍ലമെന്റ് പാസാക്കി. ക്രിമിനല്‍ നിമയം ഭേദഗതി ചെയ്യുന്നതാണ് ബില്‍.  ഇതിന് പുറമേ 33 മറ്റ് ബില്ലുകള്‍ കൂടി പാസാക്കിയിട്ടുണ്ട്. 

നിലവിലുള്ള ക്രിമിനല്‍ നിയമം ഭേദഗതി ചെയ്യുന്നതാണ് ബില്‍. ഒന്നിലധികം ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെയാണ് ഈ കടുത്ത ശിക്ഷയ്ക്ക് വിധേയരാക്കുന്നത്. ഇവരുടെ വിചാരണ നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.

മരുന്ന് ഉപയോഗിച്ച്‌ ഷണ്ഡീകരണം നടപ്പാക്കുന്ന ബില്ലിന് പ്രസിഡന്റ് ആരിഫ് അല്‍വി ഒരു വര്‍ഷം മുന്‍പ് അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന സംയുക്ത പാര്‍ലമെന്റ് യോഗത്തിലാണ് ബില്‍ പാസായത്. ശിക്ഷയ്ക്ക് വിധേയനായ വ്യക്തിക്ക് ജീവിതകാലത്തൊരിക്കലും ലൈംഗിക ബന്ധം സാദ്ധ്യമാകില്ല. 

നിലവില്‍ ദക്ഷിണ കൊറിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലും അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും ഈ ശിക്ഷാരീതി നടപ്പാക്കുന്നുണ്ട്.

രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള ബലാത്സംഗ കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കൃറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ പുതിയ നിയമം നടപ്പിലാക്കുന്നത്. കുറ്റകൃത്യങ്ങള്‍ കൂടുന്നതിനെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

അതേസമയം, പുതിയ ബില്ലിനെതിരെ ജമാത്ത് ഇസ്ലാമി സെനറ്ററായ മുഷ്താഖ് അഹമ്മദ് രംഗത്തെത്തി. വന്ധ്യംകരണത്തെക്കുറിച്ച്‌ ശരിയത്തില്‍ പരാമര്‍ശമില്ലെന്നും അതിനാല്‍ ബലാത്സംഗ കേസുകളിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.