പാകിസ്ഥാന് ആക്രമണ ഡ്രോണുകള്‍ വിതരണം ചെയ്യുമെന്ന് ചൈന

പാകിസ്ഥാന് ആക്രമണ ഡ്രോണുകള്‍ വിതരണം ചെയ്യുമെന്ന് ചൈന

ന്യൂ ഡല്‍ഹി: പാകിസ്ഥാന് നാല് സായുധ ഡ്രോണുകള്‍ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് ചൈനയെന്ന് റിപ്പോര്‍ട്ട്. ചൈന-പാകിസ്ഥാൻ സാമ്പത്തിക ബന്ധം ഉത്തേജിപ്പിക്കാനും, പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഗ്വാഡാർ തുറമുഖത്തെ പുതിയ നാവിക താവളം സംരക്ഷിക്കുന്നതിനുമാണ് നീക്കമെന്ന് ഉന്നതാധികാരികളെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഏഷ്യയിലെയും പശ്ചിമേഷ്യയിലെയും നിരവധി രാജ്യങ്ങൾക്ക് ചൈന ഇതിനകം തന്നെ രഹസ്യാന്വേഷണത്തിനു വേണ്ടി വിംഗ് ലൂംഗ് II ഡ്രോൺ വിൽക്കുകയും, സായുധ ഡ്രോണുകൾ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ രാജ്യമായി മാറുകയും ചെയ്തിട്ടുണ്ട്. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ അനുസരിച്ച് 2008 മുതല്‍ 2018 വരെയുള്ള കാലയളവില്‍ കസാക്കിസ്ഥാൻ, അൾജീരിയ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചൈന 163 യു‌എവികൾ എത്തിച്ചിരുന്നു.

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് ചൈന നല്‍കുന്ന പിന്തുണ ഇന്ത്യയ്ക്ക് ഭീഷണിയാണ്. അമേരിക്കയില്‍ നിന്ന് മീഡിയം-ആൾട്ടിറ്റ്യൂഡ് ലോംഗ് എൻ‌ഡുറൻസ് (MALE) പ്രിഡേറ്റർ-ബി ഡ്രോണുകള്‍ വാങ്ങാനുള്ള പദ്ധതി പുനസ്ഥാപിക്കാന്‍ ഇത് ഇന്ത്യയെ പ്രകോപിപ്പിക്കുന്നു എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ നാവികസേന യുഎസുമായി ചർച്ചകൾ നടത്തിവരികയാണ്. രഹസ്യാന്വേഷണത്തിന് പുറമെ, ലേസർ-ഗൈഡഡ് ബോംബുകളുടെ സഹായത്തോടെ ലക്ഷ്യസ്ഥാനം ആക്രമിക്കാന്‍ ശേഷിയുള്ള ഡ്രോണുകളാണിവ.