പഞ്ച്ശീര്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ സേനയും താലിബാനെ സഹായിച്ചെന്ന് വെളിപ്പെടുത്തല്‍

 Pakistani fighter jets hover over Panjshir
 

കാബൂള്‍: അഫ്ഗാനിസ്താനിലെ പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനെ സഹായിക്കാന്‍ പാക് വ്യോമസേന എത്തിയതായി താലിബാന്‍ വിരുദ്ധ സേനയുടെ നേതാവായ അഹമ്മദ് മസൂദ്‍. പഞ്ച്ശീറില്‍ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ അഹമ്മദ് മസൂദിന്‍റെ വക്താവ് ഫഹിം ദാഷ്ടിയും മസൂദിന്‍റെ കുടുംബാംഗങ്ങളില്‍ ചിലരും കൊല്ലപ്പെട്ടെന്ന് മസൂദ് പറഞ്ഞു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശബ്ദസന്ദേശത്തിലാണ് അഹമ്മദ് മസൂദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പാക് യുദ്ധ വിമാനങ്ങള്‍ പഞ്ച്ശീര്‍ പ്രവിശ്യയ്ക്ക് മുകളില്‍ കൂടി പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 'താലിബാനോട് ചേർന്ന് പാകിസ്താനും പഞ്ച്ശീറിനെ ആക്രമിച്ചു. അന്താരാഷ്ട്ര സമൂഹം ഇതൊക്കെ നിരീക്ഷിക്കുന്നു' -  മസൂദ് ശബ്ദ സന്ദേശത്തിൽ പറഞ്ഞു.

പാകിസ്ഥാനു പുറമെ ചൈനയും റഷ്യയും താലിബാനെ സഹായിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം അഫ്ഗാന്‍ ജനകീയ സേനയെ സഹായിക്കാന്‍ ഒരു രാജ്യവും മുന്നോട്ട് വന്നിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് ഇവരോട് മാനസിക ഐക്യം ഉണ്ടെങ്കിലും ആക്രമണങ്ങളില്‍ പങ്കെടുക്കാന്‍ ഇവര്‍ തയ്യാറല്ല.
 
താലിബാന്‍ കനത്ത നാശം വിതച്ചതിനു പിന്നാലെ പ്രതിരോധസേന മേഖലയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായും സമാധാന ചര്‍ച്ച വേണമെന്ന ആവശ്യം മുന്നോട്ടു വെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ ആവശ്യം താലിബാന്‍ തള്ളി. പഞ്ച്ഷീര്‍ താഴ്‍വര ഉടന്‍ തന്നെ താലിബാന്‍റെ പൂര്‍ണനിയന്ത്രണത്തിലായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം പ്രതിരോധസേന ഔദ്യോഗികമായി അറിയിച്ചിട്ടില്ല.  

അതേസമയം, അഫ്ഗാനിലെ പഞ്ചശിര്‍ പിടിച്ചെടുക്കാന്‍ താലിബാന് യുദ്ധവിമാനവും സൈനികരെയും നല്‍കിയ പാകിസ്ഥാനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച്‌ ഇറാന്‍. ഈ ആക്രമണത്തില്‍ പാകിസ്ഥാന്‍റെ പങ്കിനെപ്പറ്റി അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഇറാന്‍റെ വിദേശകാര്യ വക്താവ് സയീദ് ഖാദിബ്‌സാദേഹ് പറഞ്ഞു.

പഞ്ച്ശീര്‍ പിടിച്ചെടുത്തതായി പ്രഖ്യാപിച്ച്‌ താലിബാന്‍ പതാക ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു ഇറാന്‍റെ പ്രതികരണം. "പഞ്ചശീറിലെ പാക് ആക്രമണം അത്യന്തം അപലപനീയവും കുറ്റകരവുമാണ്. അഫ്ഗാനിലുണ്ടായ എല്ലാ വിദേശ ഇടപെടലുകളെയും അപലപിക്കുന്നു,". സയീദ് വ്യക്തമാക്കി. പഞ്ച്ശീറിലെ പ്രതിരോധ സേനാംഗങ്ങളുടെ വീരമൃത്യു വളരെ നിരാശാ ജനകമാണ്. മേഖലയിലെ പാകിസ്ഥാന്‍ ഇടപെടല്‍ സൂക്ഷ്മമായി പരിശോധിക്കും. അഫ്ഗാനിലെ ഓരോ നീക്കങ്ങളും ഇറാന്‍ നിരീക്ഷിക്കാറുണ്ട്. അഫ്ഗാനിലെ പ്രശ്‌നം പരിഹരിക്കാന്‍ ആഭ്യന്തര ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.