കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ നെതർലൻഡ്സിൽ തെരുവിലിറങ്ങി ജനം

rr
ഹേഗ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നെതർലൻഡ്സിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ  തെരുവിലിറങ്ങി ജനം. ഹേഗിൽ പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലും പടക്കങ്ങളും എറിഞ്ഞു. റോഡരികിൽ നിർത്തിയിട്ട ബൈക്കുകളും സൈക്കിളുകളും അഗ്നിക്കിരയാക്കി. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനവ് രേഖപ്പെടുത്തിയതോടെ ഡച്ച് സർക്കാർ രാജ്യത്ത് മൂന്നാഴ്ചത്തേക്ക് ലോക്ഡൗൺ നടപ്പാക്കിയിരുന്നു. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. കൂടാതെ, വാക്സിൻ സ്വീകരിക്കാത്തവരെ പൊതുസ്ഥലങ്ങളിൽ പ്രവേശിപ്പിക്കുന്നത് വിലക്കുന്നതും സർക്കാറിന്‍റെ പരിഗണനയിലാണ്.

മധ്യ നെതർലൻഡ്സിലെ യുഓർക്ക് നഗരത്തിലും ലിംബർഗ് മേഖലയിലും ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി. രോഷകുലരായ ജനം രണ്ടു ഫുട്ബാൾ മത്സരങ്ങളും തടസ്സപ്പെടുത്തി. അൽകമാറിൽ ഫസ്റ്റ് ഡിവിഷൻ മത്സരവും കിഴക്കൻ നഗരമായ അൽമിലോയിൽ മറ്റൊരു മത്സരവും ഏതാനും സമയം തടസ്സപ്പെടുത്തിയതായി ഡച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.