'മോദി ദ ബോസ്, ഏറ്റവും സ്വീകാര്യനായ അതിഥി'; വാനോളം പുകഴ്ത്തി ആസ്‌ത്രേലിയൻ പ്രധാനമന്ത്രി; സിഡ്‌നിയിൽ വൻ സ്വീകരണം

google news
PM Modi Is The Boss-Australian PM
 

സിഡ്നി: ഓസ്ട്രേലിയ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ബോസ്’ എന്നു വിശേഷിപ്പിച്ച് ഓസീസ് പ്രധാനമന്ത്രി ആന്തണി ആൽബനീസ്. സിഡ്നിയിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രി നടത്തിയ സംവാദത്തിനു മുന്നോടിയായാണ്, അദ്ദേഹത്തിന്റെ ജനപ്രീതിയെ പുകഴ്ത്തി ആൽബനീസ് ‘ബോസ്’ എന്നു വിശേഷിപ്പിച്ചത്. ആരാധകർ ഇതേ പേരിൽ വിശേഷിപ്പിക്കുന്ന വിഖ്യാത പോപ് ഗായകൻ ബ്രൂസ് സ്പ്രിങ്സ്റ്റീനുമായി താരതമ്യം ചെയ്തായിരുന്നു ഓസീസ് പ്രധാനമന്ത്രിയുടെ വിശേഷണം.

"ഇതിനു മുൻപ് ഈ വേദിയിൽ ഞാൻ കണ്ടത് പ്രശസ്ത പോപ് താരം ബ്രൂസ് സ്പ്രിങ്സ്റ്റീനെയാണ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിച്ചതു പോലുള്ള ഒരു സ്വീകരണം അന്ന് സ്പ്രിങ്സ്റ്റീനു ലഭിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബോസ്"– ആന്തണി ആൽബനീസ് പറഞ്ഞു.


‘‘ഒരു വർഷം മുൻപ് ഞാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം താങ്കളുമായുള്ള ആറാമത്തെ കൂടിക്കാഴ്ചയാണിത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ലോകത്തുതന്നെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയിലേക്കുള്ള വളർച്ചയിലാണ് ഇന്ത്യ. ഇപ്പോൾത്തന്നെ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ മഹാസമുദ്രത്തിലെ വളരെ പ്രധാനപ്പെട്ട അയൽക്കാർ കൂടിയാണ് ഇന്ത്യ. അതുകൊണ്ടാണ് ഈ ബന്ധത്തെ നാം വളരെയധികം വിലമതിക്കുന്നത്’ – ആൽബനീസ് പറഞ്ഞു.

  
‘‘ഓസ്ട്രേലിയയെ സംബന്ധിച്ച് പ്രാധാന്യമുള്ളൊരു പങ്കാളിയാണ് ഇന്ത്യ. നമ്മൾ തമ്മിൽ വളരെ അടുത്ത സൗഹൃദമാണുള്ളത്. അതേസമയം, ക്രിക്കറ്റ് കളത്തിൽ നമ്മൾ ശത്രുക്കളുമാണ്. ഉടൻ തന്നെ നമ്മൾ തമ്മിൽ കിരീടത്തിനായി ഒരു മത്സരം വരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറ്റവും ഹാർദ്ദവമായിത്തന്നെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നു’ – ആൽബനീസ് പറഞ്ഞു.

പ്രധാനമന്ത്രിയായതിന് ശേഷമുള്ള മോദിയുടെ രണ്ടാമത്തെ ആസ്ത്രേലിയന്‍ യാത്രയാണിത്. ബ്രിസ്ബേനിൽ ഇന്ത്യ ഉടൻ പുതിയ കോൺസുലേറ്റ് തുറക്കുമെന്നും ദുരന്തസമയത്ത് സഹായവുമായി ഇന്ത്യ ഉണ്ടാകുമെന്നും മോദി പറഞ്ഞു.

ഇന്ത്യയോടുള്ള ആദരവെന്ന നിലയില്‍ പാരമട്ടയ്ക്ക് സമീപമുള്ള പ്രദേശത്തിന് 'ലിറ്റിൽ ഇന്ത്യ' എന്ന് പുനർനാമകരണം ചെയ്തു. ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശം കൂടിയാണിത്. ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനം വർദ്ധിക്കുന്നതിനനുസരിച്ച് ഉഭയകക്ഷി പ്രതിരോധ - സുരക്ഷാ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് മോദി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
 
നേരത്തെ, പാപുവ ന്യൂഗിനി സന്ദർശനത്തിനു ശേഷം 2 ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയയിലെത്തിയത്. സിഡ്നിയിൽ പ്രധാനമന്ത്രി ആന്തണി അൽബനീസ് മോദിയെ സ്വീകരിച്ചു.

Tags