ഹസ്തദാനം നൽകിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ മുഖത്തടിച്ചു; രണ്ടുപേര്‍ പിടിയില്‍

im

പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ജനമധ്യത്തില്‍വെച്ച് മുഖത്തടിച്ച് യുവാവ്. ദക്ഷിണ ഫ്രാൻസിൽ നടന്ന പരിപാടിയിലാണ് മാക്രോണിനു നേരെ യുവാവിന്റെ കൈയേറ്റശ്രമം.

രാജ്യവ്യാപകമായി നടത്തുന്ന യാത്രയ്ക്കിടെ ജനങ്ങളുമായി സംവദിക്കുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ഒരാള്‍ മാക്രോണിന്റെ മുഖത്തടിച്ചത്. ദക്ഷിണ കിഴക്കൻ നഗരമായ വാലെൻസിലായിരുന്നു സംഭവം. ഇവിടെ ഔദ്യോഗിക പര്യടനത്തിനെത്തിയ മാക്രോൺ സുരക്ഷയ്ക്കായി സജ്ജീകരിച്ചിരുന്ന ബാരിക്കേഡിനു സമീപത്തെത്തി ആളുകളുമായി സംവദിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ ആൾക്കൂട്ടത്തിന്റെ മുൻനിരയിലുണ്ടായിരുന്ന യുവാവിന് ഹസ്തദാനം നൽകാൻ ശ്രമിച്ചപ്പോൾ ഇയാൾ തടഞ്ഞുവച്ച് മുഖത്തടിക്കുകയായിരുന്നു. ഉടന്‍തന്നെ മാക്രോണിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടുകയും അദ്ദേഹത്തെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയും ചെയ്തു.  

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  

സംഭവത്തില്‍ അക്രമിയെയടക്കം രണ്ടുപേരെ സ്ഥലത്തുവച്ചുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കോവിഡ് മഹാമാരിക്കു ശേഷം രാജ്യത്തെ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനാണ് മാക്രോണ്‍ രാജ്യവ്യാപകമായ സന്ദര്‍ശന പരിപാടി നടത്തുന്നത്. ചൊവ്വാഴ്ചയാണ് സന്ദര്‍ശന പരിപാടി ആരംഭിച്ചത്.