നേപ്പാളിന്‍റെ മൂന്നാം പ്രസിഡന്‍റായി രാം ചന്ദ്ര പൗഡൽ

Ram Chandra Paudel became the third President of Nepal
 

കാഠ്മണ്ഡു: നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി നേപ്പാളി കോൺഗ്രസിലെ രാം ചന്ദ്ര പൗഡൽ തിരഞ്ഞെടുക്കപ്പെട്ടു. നേപ്പാളി കോൺഗ്രസും സിപിഎൻ (മാവോയിസ്റ്റ് സെന്റർ) ഉൾപ്പെടുന്ന എട്ട് പാർട്ടി സഖ്യത്തിന്റെ പൊതു സ്ഥാനാർത്ഥിയായ പൗഡലിന് 214 പാർലമെന്റിലെയും 352 പ്രവിശ്യാ അസംബ്ലി അംഗങ്ങളുടെയും വോട്ട് ലഭിച്ചു.

കാഠ്മണ്ഡുവിലെ ന്യൂ ബനേശ്വറിലുള്ള നേപ്പാളിലെ പാർലമെന്റ് മന്ദിരത്തിലായിരുന്നു വോട്ടെടുപ്പ് നടന്നത്. എതിർ സ്ഥാനാർഥിയായ നേപ്പാളി കമ്യൂണിസ്‌റ് പാർട്ടിയിലെ സുബാഷ് ചന്ദ്ര നെംബ്വാങിനെതിരെ 18,284 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാംചന്ദ്ര പൗഡൽ വിജയിച്ചത്. പൗഡൽ 33,802 ഇലക്ടറൽ വോട്ടുകൾ നേടിയപ്പോൾ സുബാഷ് ചന്ദ്ര നെംബ്വാങ് 15,518 ഇലക്ടറൽ വോട്ടുകൾ നേടിയെന്ന് നേപ്പാൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 

"പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എന്റെ സുഹൃത്ത് രാം കാന്ദ്ര പൗഡൽജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ," എന്ന് നേപ്പാളി കോൺഗ്രസ് അധ്യക്ഷൻ ഷേർ ബഹാദൂർ ദ്യൂബ ട്വീറ്റ് ചെയ്തു.

332 പാർലമെന്റ് അംഗങ്ങളും ഏഴ് പ്രവിശ്യകളിലെ പ്രവിശ്യാ അസംബ്ലികളിലെ 550 അംഗങ്ങളും അടങ്ങുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ആകെ വോട്ടർമാരുടെ എണ്ണം 882 ആണ്. 518 പ്രവിശ്യാ അസംബ്ലി അംഗങ്ങളും ഫെഡറൽ പാർലമെന്റിലെ 313 അംഗങ്ങളും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് ഷാലിഗ്രാം പറഞ്ഞു.