കാണ്ഡഹാറില്‍ സംഗീതവും, ടിവി-റേഡിയോ ചാനലുകളില്‍ സ്ത്രീശബ്ദവും വിലക്കി; പഞ്ച്ശീറില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

Taliban occupy two-thirds of Afghanistan
 


കാബൂള്‍: താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചടിക്കിയതിന് പിന്നാലെ കാണ്ഡഹാറില്‍ സംഗീതവും, ടിവി-റേഡിയോ ചാനലുകളിലെ സ്ത്രീശബ്ദത്തിനും വിലക്കേര്‍പ്പെടുത്തി. പ്രാദേശിക ഗായകനായ ഫവാദ് അന്ദരാബിയെ താലിബാന്‍ ഭീകരര്‍ വെടിവെച്ച്‌ കൊലപ്പെടുത്തി. പഞ്ച്ഷീര്‍ താഴ്‌വരയ്‌ക്കടുത്തുള്ള അന്ദറാബ് ഗ്രാമത്തിലെ പ്രശസ്ത നാടോടി ഗായകനായിരുന്നു ഫവാദ്.

വിവാദമായ പ്രഖ്യാപനത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ വീട്ടില്‍ നിന്നും വലിച്ചിഴച്ച്‌ പുറത്തു കൊണ്ടുവന്ന് വെടിവച്ച്‌ കൊലപ്പെടുത്തിയത് എന്ന് അഫ്ഗാന്‍ മുന്‍ ആഭ്യന്തര മന്ത്രി മസൂദ് അന്ദറാബി ട്വിറ്ററില്‍ പറഞ്ഞു. 

അഫ്ഗാനില്‍ സംഗീതം നിരോധിച്ച്‌ ദിവസങ്ങള്‍ക്കകമാണ് ഗായകനെ കൊലപ്പെടുത്തിയത്. ഈ മാസം ആദ്യം അഫ്ഗാന്‍ കവിയും ചരിത്രകാരനുമായ അബ്ദുള്ള അതേഫിയെയും താലിബാന്‍ ഭീകരര്‍ ഇതേ രീതിയില്‍ വെടിവെച്ച്‌ വെടിവച്ചു കൊന്നിരുന്നു. അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെയും താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. ഹാസ്യനടന്‍ ഖാഷയെന്ന് വിളിക്കുന്ന നാസര്‍ മുഹമ്മദിനെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. വീട്ടില്‍ നിന്നും നടനെ തട്ടിക്കൊണ്ടുപോയ ശേഷം മരത്തില്‍ കെട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.


അതിനിടെ തലസ്ഥാനമായ കാബൂളിലെ വിവിധ കമ്ബനികളും സ്ഥാപനങ്ങളും വനിതാ ജീവനക്കാരോട് ഓഫീസിലേക്ക് വരേണ്ടതില്ലെന്ന് നിര്‍ദേശിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സ്ത്രീകള്‍ ജോലി ചെയ്യുന്നതിന് തടസ്സമില്ലെന്നും പെണ്‍കുട്ടികള്‍ക്ക് ഇസ്ലാമിക രീതിയില്‍ പഠനം തുടരാമെന്നുമാണ് താലിബാന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

താലിബാനോട് ചെറുത്ത് നില്‍ക്കുന്ന പ്രതിരോധ സേനയുടെ താവളമായ പഞ്ച്ശീറില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ട്വിറ്ററില്‍ സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നതില്‍നിന്ന് മുന്‍ വൈസ് പ്രസിഡന്റ് അംറുള്ള സലേഹിനെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്ന് പറയപ്പെടുന്നു. താലിബാന് മുന്നില്‍ കീഴടങ്ങാതെ നില്‍ക്കുന്ന അഫ്ഗാനിലെ ഒരേയോരു പ്രവിശ്യയാണ് പഞ്ച്ശീര്‍. താലിബാനെ എതിര്‍ക്കുന്നവര്‍ ഒത്തുചേര്‍ന്നിരിക്കുന്നതും ഇവിടെതന്നെ. അഫ്ഗാനിസ്ഥാനിലെ വിമത നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദും അംറുള്ള സലേഹിനൊപ്പം താഴ്‌വരയിലുണ്ട്.