അഫ്ഗാനില്‍ സംഗീതോപകരണങ്ങള്‍ക്ക് വിലക്ക്; പുസ്തക ശേഖരം നശിപ്പിച്ചു

Taliban destroys musical instruments
 

കാബൂള്‍: ഭരണത്തില്‍ ഏറിയതിനു പിന്നാലെ കാബൂളിലെ നോര്‍വീജിയന്‍ എംബസി പിടിച്ചെടുത്ത് താലിബാന്‍. എംബസിയിലെ പുസ്തക ശേഖരങ്ങളും വൈന്‍ ബോട്ടിലുകളും താലിബാന്‍ നശിപ്പിച്ചു. ഇറാനിലെ നോര്‍വേ സ്ഥാനപതി സിഗ്‌വാല്‍ഡ് ഹേഗാണ് എംബസി താലിബാന്‍ പിടിച്ചെടുത്ത കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

എംബസികള്‍ അടക്കമുള്ള നയതന്ത്ര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്തില്ലെന്നാണ് താലിബാന്‍ ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പറഞ്ഞ വാക്കിന് വിരുദ്ധമായ നിലപാടാണ് താലിബാന്‍ സ്വീകരിച്ചിരിക്കുന്നത്.

കാബൂളിലെ എംബസി അടയ്ക്കുന്നതായി ഡെൻമാർക്കും നോർവെയും കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്താനിലെ സ്ഥിതി മോശമായതിനാൽ ജീവനക്കാരെ ഒഴിപ്പിക്കുകയാണെന്നായിരുന്നു ഡെൻമാർക്കും നോർവെയും വ്യക്തമാക്കിയത്. 

അഫ്ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ താലിബാൻ സംഗീതത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ചില ചാനലുകള്‍ അവരുടെ വനിതാ ആങ്കര്‍മാരെയും പിരിച്ചുവിട്ടിരുന്നു. ഫവദ് അന്ദരാബി എന്ന പ്രാദേശിക ഗായകനെ താലിബാൻ വധിച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. താലിബാന്‍ ഭീകരര്‍ സംഗീതോപകരണങ്ങൾ തകർക്കുന്നതിന്‍റെ ദൃശ്യങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

അതിനിടെ പഞ്ജ്ഷീര്‍ സിംഹം എന്നറിയപ്പെടുന്ന അഫ്ഗാന്‍ വിമോചന കമാന്‍ഡര്‍ അഹമ്മദ് ഷാ മസൂദിന്റെ ഇരുപതാം ചരമ വാര്‍ഷിക ദിനത്തില്‍ താലിബാന്‍ അദ്ദേഹത്തിന്റെ ശവകുടീരം നശിപ്പിച്ചു.