അഫ്ഗാനില്‍ പാക് വിരുദ്ധ റാലിയുമായി ജനം തെരുവില്‍; പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടി വെച്ച്‌ താലിബാന്‍

Taliban open fire as Afghans protest against Pakistan in Kabul
 

കാബൂള്‍: അഫ്ഗാനില്‍ പാക് വിരുദ്ധ റാലിയുമായി ജനം തെരുവില്‍. സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് കാബൂളില്‍ നടന്ന റാലിയില്‍ പങ്കെടുത്തത്. പഞ്ചശീറിലെ പ്രതിരോധ സേനക്കെതിരായ ആക്രമണത്തില്‍ താലിബാനെ പാകിസ്താന്‍ സഹായിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക് വിരുദ്ധ മുദ്രാവാക്യങ്ങളുമായി ജനം തെരുവിലിറങ്ങിയത്. 

'പാകിസ്താന്‍ അഫ്ഗാന്‍ വിട്ടു പോവുക', എന്ന മുദ്രാവാക്യവും ബാനറുകളുമായി ആളുകള്‍ കാബൂളിലെ പാക് എംബസിക്ക് മുമ്പില്‍ പ്രതിഷേധിച്ചു.

ഐ.എസ്.ഐ ഡയറക്ടര്‍ അടക്കമുള്ള പാക് വൃത്തങ്ങള്‍ താമസിക്കുന്ന കാബൂളിലെ ഹോട്ടലിലേക്ക് പ്രതിഷേധം നീണ്ടതോടെ സമരക്കാരെ പിരിച്ചുവിടാന്‍ താലിബാന്‍ ആകാശത്തേക്ക് വെടിവച്ചു.

നൂറുകണക്കിനു സ്ത്രീകളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. പാകിസ്താനെതിരെ ഇവര്‍ പ്ലക്കാര്‍ഡുകളുയര്‍ത്തുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പ്രതിഷേധം ഹോട്ടലിലേക്കുള്ള വഴിയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനുമുന്നിലെത്തിയതോടെ താലിബാന്‍ സൈന്യം വെടിയുതിര്‍ത്തു.

താലിബാനോ പാകിസ്താനോ പഞ്ച്ഷീര്‍ കീഴടക്കാനുള്ള അവകാശമില്ലെന്ന് സമരക്കാര്‍ പറഞ്ഞു. താലിബാനെതിരെ അവസാന ചെറുത്തുനില്‍പ്പ് നടക്കുന്ന മേഖലയാണ് പാഞ്ച്ഷീര്‍. താഴ്‌വര സമ്ബൂര്‍ണമായി പിടിച്ചടക്കിയതായി കഴിഞ്ഞ ദിവസം താലിബാന്‍ അവകാശപ്പെട്ടിരുന്നു. പാക് വിരുദ്ധ പ്രതിഷേധം അഫ്ഗാന്റെ വടക്കന്‍ പ്രവിശ്യയായ ബല്‍ഖിലേക്കും നീണ്ടിട്ടുണ്ട്.

താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രതിസന്ധി നിലനില്‍ക്കെ പാക് ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ഫൈസ് ഹമീദിന്റെ നേതൃത്വത്തില്‍ ഒരു സംഘം കാബൂളില്‍ എത്തിയിരുന്നു. ഐഎസ്‌ഐ ചീഫ് മുല്ല ബറാദറുമായി കൂടിക്കാഴ്ച നടത്തിയത് താലിബാന്‍ വക്താവ് സൈബിഹുള്ള മുജാഹിദ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.