യുഎസിൽ കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടുമുയരുന്നു

covid

വാഷിങ്ടൺ: യുഎസിൽ കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടുമുയരുന്നു. വിവിധ സ്​റ്റേറ്റുകളിൽ ഐസിയു ബെഡുകൾ നിറയുകയാണ്​. ഡെൽറ്റ വേരിയന്‍റാണ്​ യുഎസിൽ വീണ്ടും കോവിഡ്​ രോഗികളുടെ എണ്ണം ഉയരുന്നതിലേക്ക്​ നയിച്ചത്​. യുഎസ്​ ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ടിലാണ്​​ ഇതുസംബന്ധിച്ച പരാമർശമുള്ളത്​.

15ഓളം സ്​റ്റേറ്റുകളിൽ കഴിഞ്ഞ വർഷത്തേക്കാൾ ഐസിയു ബെഡുകളിൽ ആളുകളുണ്ട്​​. കൊളറാഡോ, മിനിസോട്ട, മിഷിഗൺ തുടങ്ങിയ സ്​റ്റേറ്റുകളിലാണ്​ ഐസിയു ബെഡുകൾ ഏറ്റവും കൂടുതൽ ഉപയോഗത്തിലുള്ളത്​. ഈ സംസ്ഥാനങ്ങളിൽ യഥാക്രമം 41,37,34 ശതമാനം ഐസിയു ബെഡുകളും ഉപയോഗത്തിലാണ്​​.

മിഷിഗണിലാണ്​ ജനസംഖ്യാനുപാതവുമായി താരതമ്യം ചെയ്യുമ്പോൾ രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ. എന്നാൽ രോഗികളുടെ എണ്ണം ഉയരുമ്പോളും പുതിയ നിയന്ത്രണങ്ങളൊന്നും യുഎസ്​ പ്രഖ്യാപിച്ചിട്ടില്ല. കൂടുതൽ പൗരൻമാർക്ക്​ വാക്​സിൻ നൽകുന്നതിനാണ്​ യുഎസ്​ ഇപ്പോൾ പ്രാധാന്യം നൽകുന്നത്​.

നേരത്തെ യുറോപ്പിൽ കോവിഡ്​ പടർന്നിരുന്നു. തുടർന്ന്​ നെതർലാൻഡ്​, ആസ്​ട്രിയ തുടങ്ങിയ ​രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. യുറോപ്പിലെ ഏറ്റവും വലിയ രാജ്യമായ ജർമ്മനിയിൽ കഴിഞ്ഞ ദിവസം 30,643 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​.