ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ടര കോടി കടന്നു

world covid people

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ പതിനെട്ടര കോടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുളളത് ഒരു കോടി പതിനാറ് ലക്ഷം പേരാണ്. മരണസംഖ്യ നാല്‍പത് ലക്ഷം കടന്നു.

ഏറ്റവും കൂടുതല്‍ രോഗബാധിതരുളള അമേരിക്കയില്‍ മൂന്ന് കോടി നാല്‍പത്തിയാറ് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6.21 ലക്ഷം പേര്‍ മരിച്ചു. അതേസമയം, ഇന്ത്യയില്‍ 43,733 പേര്‍ക്ക് കൂടി 24 മണിക്കൂറിനിടെ കോവിഡ്19 സ്ഥിരീകരിച്ചു. 4,59,920 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. 97.18 ശതമാനമാണ് നിലവിലെ കോവിഡ് മുക്തി നിരക്ക്.രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേരളത്തില്‍ 24 മണിക്കൂറില്‍ 14,373 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 930 കോവിഡ് മരണങ്ങളും രാജ്യത്ത് ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

24 മണിക്കൂറിനിടെ കേരളത്തില്‍ 14,373 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയില്‍ 8,418 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.തമിഴ്‌നാട്ടില്‍ 3,479 ഉം കര്‍ണാടകത്തില്‍ 3,104 ഉം ആന്ധ്രയില്‍ 3042  ഉം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.അതേസമയം, സ്പുട്‌നിക് വി വാക്‌സീന്‍ വൈകാതെ രാജ്യത്ത് സൗജന്യമായി വിതരണം ചെയ്ത് തുടങ്ങുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. കൊവിഷീല്‍ഡും കൊവ്കസീനും മാത്രമാണ് നിലവില്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. മൂന്നാം തരംഗം പൂര്‍ണമായും ഒഴിവാക്കാന്‍ ആകെ ജനസംഖ്യയുടെ 60 ശതമാനമെങ്കിലും വാക്‌സീന്‍ സ്വീകരിക്കണം. അതിന് പ്രതിദിനം 86 ലക്ഷം പേര്‍ക്ക് വാക്‌സീന്‍ നല്‍കണം.  എന്നാല്‍ നിലവില്‍ ശരാശരി നാല് ലക്ഷം പേര്‍ക്ക് മാത്രമാണ് പ്രതിദിനം വാക്‌സീന്‍  നല്‍കുന്നത്.

ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ മാത്രം അറുപതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എണ്‍പത്തിയെട്ട് ലക്ഷമായി ഉയര്‍ന്നു.നാല് ലക്ഷത്തിലധികം പേര്‍ മരിച്ചു.