ഐഎസിനെ നേരിടാൻ ‌യുഎസ് സഹായം വേണ്ടെന്ന് താലിബാൻ

taliban

ദോഹ: അഫ്ഗാനിസ്ഥാനിലെ ഭീകരസംഘടനകളെ നേരിടാൻ യുഎസ് സഹായം ആവശ്യമില്ലെന്നു താലിബാൻ പ്രഖ്യാപിച്ചു. ഇരുപക്ഷവും തമ്മിൽ ദോഹയിൽ ഇന്നലെ ആരംഭിച്ച ചർച്ചയ്ക്കു മുന്നോടിയായാണു താലിബാൻ നിലപാട് വ്യക്തമാക്കിയത്. ഓഗസ്റ്റിൽ യുഎസ് അഫ്ഗാൻ വിട്ടതിനുശേഷം നടക്കുന്ന ആദ്യ ചർച്ചയിൽ യുഎസ്– താലിബാൻ സമാധാനക്കരാർ പുതുക്കും.ഐഎസ് അടക്കമുള്ള തീവ്രവിഭാഗങ്ങളെ തനിച്ചു കൈകാര്യം ചെയ്യുമെന്നു വ്യക്തമാക്കിയ താലിബാൻ രാഷ്ട്രീയകാര്യ വക്താവ് സുഹൈൽ ശഹീൻ, രാജ്യത്ത് അവശേഷിക്കുന്ന വിദേശ പൗരന്മാരുടെ ഒഴിപ്പിക്കലിനു സഹകരണമാകാമെന്നും സൂചിപ്പിച്ചു. 

താലിബാൻ അധികാരമേറ്റതിനു പിന്നാലെ ഐഎസ് ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഷിയ പള്ളിയിൽ നടന്ന ചാവേറാക്രമണത്തിൽ 46 പേരാണു കൊല്ലപ്പെട്ടത്. അഫ്ഗാനിൽ ഭീകരസംഘടനകൾക്കു താവളമൊരുക്കില്ലെന്നതാണു 2020 ൽ ദോഹയിൽ ഒപ്പിട്ട കരാറിലെ മുഖ്യവ്യവസ്ഥ.അഫ്ഗാൻ വിഷയത്തിൽ കഴിഞ്ഞ ദിവസം ഇസ്‌ലാമാബാദിൽ യുഎസ് ഡപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെൻഡി ഷെർമൻ പാക്ക് അധികൃതരുമായി ചർച്ച ഫലപ്രദമായിരുന്നില്ല.