ഗസ്സയിലെ അർബുദ രോഗികളായ കുട്ടികൾക്ക് ചികിത്സ വാഗ്ദാനം ചെയ്ത് തുർക്കി

google news
sf
 manappuram

ഇസ്താംബൂള്‍: ഇന്ധനം തീര്‍ന്നതോടെ പ്രവര്‍ത്തനം നിലച്ച ഗസ്സയിലെ ഏക അര്‍ബുദ ആശുപത്രിയിലെ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ സന്നദ്ധത അറിയിച്ച് തുര്‍ക്കി. ആവശ്യമായ ഏകോപനം നടന്നാല്‍ തുര്‍ക്കിയില്‍ അവര്‍ക്ക് ചികിത്സ നല്‍കുമെന്ന് വിദേശകാര്യ മന്ത്രി ഫഹ്‌റെറ്റിന്‍ കോക്ക പറഞ്ഞു. ആശുപത്രികള്‍ക്കുനേരെയുള്ള ആക്രമണം തടയുന്നതില്‍ അന്താരാഷ്ട്ര സമൂഹവും അനുബന്ധ സ്ഥാപനങ്ങളും പരാജയപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി.

അർബുദ ചികിത്സ പൂർത്തിയാക്കാൻ കഴിയാത്ത കുട്ടികളെ തുർക്കിയിലേക്ക് കൊണ്ടു പോകുമെന്ന് ഇസ്രായേൽ ആരോഗ്യ മന്ത്രിയെ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. അതേസമയം, കുട്ടികളെ ഉടൻ കൊണ്ടു പോകുമെന്ന് വ്യക്തമാക്കിയ തുർക്കി, കൃത്യമായ തീയതി വ്യക്തമാക്കിയിട്ടില്ല.

ഗാസ മുനമ്പിൽ നിന്ന് അടിയന്തര ചികിത്സ ആവശ്യമുള്ള 1,000 രോഗികളെ സ്വീകരിക്കാൻ രാജ്യത്തിന് കഴിയും. പരിക്കേറ്റവർക്ക് ചികിത്സ നൽകാൻ രണ്ട് കപ്പലുകൾ ഈജിപ്തിലേക്ക് അയക്കുമെന്നും കപ്പലിന് തുറമുഖത്ത് അടുക്കാൻ അനുമതിയുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

അർബുദ രോഗികളായ കുട്ടികളെ ചികിത്സിക്കുന്ന ഗസ്സയിലെ അൽ റൻതീസി ചിൽഡ്രൻസ് സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റലിൽ ബോംബ് ഇടുമെന്ന് ഇസ്രായേൽ സൈന്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആശുപത്രിയിലുള്ളവർ ഉടൻ ഒഴിയണമെന്ന് ഇസ്രായേൽ നിർദേശം നൽകിയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
 
ഇസ്രായേലിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ആയിരത്തോളം ഫലസ്തീന്‍ കുട്ടികളെ ഏറ്റെടുക്കാമെന്ന് യു.എ.ഇയും അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ സാമഗ്രികള്‍ തീര്‍ന്നതോടെ ആശുപത്രികളുടെ സ്ഥിതി ദുരന്തപൂര്‍ണമാണെന്ന് ഗസ്സയിലെ അല്‍ ശിഫ ആശുപത്രി ചീഫ് സര്‍ജന്‍ ഡോ. മര്‍വാന്‍ അബുസാദ പറഞ്ഞു. ആശുപത്രിക്ക് അകത്തും പുറത്തും രോഗികളോടൊപ്പം അഭയാര്‍ത്ഥികളും കൂട്ടത്തോടെ തമ്പടിച്ചിട്ടുണ്ട്. ചെറു ജനറേറ്ററുകളുടെ സഹായത്തോടെയാണ് ആശുപത്രികളുടെ ഐ.സി.യു യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അടുത്ത മണിക്കൂറുകളില്‍ അതും നിശ്ചലമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

  

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു