യുഎഇയില്‍ പുതിയ നിയമ പരിഷ്‌കരണങ്ങള്‍; പീഡനത്തിന് വധശിക്ഷ, മദ്യപിക്കാം

യുഎഇയില്‍ പുതിയ നിയമ പരിഷ്‌കരണങ്ങള്‍; പീഡനത്തിന് വധശിക്ഷ, മദ്യപിക്കാം

ദുബായ്: യുഎഇയില്‍ സിവില്‍ -ക്രിമിനല്‍ നിയമങ്ങളില്‍ പുതിയ പരിഷ്‌കരണങ്ങള്‍ പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാനാണ് നിയമ ഭേദഗതി പ്രഖ്യാപിച്ചത്.

ഇതുപ്രകാരം പ്രായപൂര്‍ത്തിയാകാത്തവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ വധശിക്ഷയ്ക്ക് വിധിക്കും, വിവാഹം ഉള്‍പ്പെടെയുള്ള കേസുകള്‍ ഇനി നാട്ടിലെ നിയമപ്രകാരം നിര്‍വഹിക്കാം, യുഎഇയില്‍ മരിക്കുന്ന വിദേശിയുടെ സ്വത്തുക്കള്‍ അവരുടെ രാജ്യത്തെ നിയമം അനുസരിച്ച് വിഭജനം നടത്താം, രണ്ടു പേരുടെയും സമ്മത പ്രകാരം ഒരുമിച്ച് താമസിക്കുന്നതിന് ശിക്ഷയുണ്ടാവില്ല, ഇനിമുതല്‍ നിഷ്‌കളങ്കത മുതലെടുത്ത് ബലപ്രയോഗത്തിലൂടെ നടത്തുന്ന ലൈംഗിക ബന്ധങ്ങള്‍ കുറ്റകരമായിരിക്കും. 21 വയസ്സ് പിന്നിട്ടവര്‍ അനുവദീയമായ സ്ഥലങ്ങളില്‍ മദ്യപിച്ചാല്‍ നടപടിയുണ്ടാവില്ല, ദുരഭിമാന കൊലകള്‍ കൊലപാതകമായി തന്നെ പരിഗണിക്കപ്പെടും. ആത്മഹത്യാശ്രമത്തിന് മാനസിക ചികിത്സ നല്‍കും. അതേസമയം, ഒരാളെ ആത്മഹത്യക്ക് സഹായിച്ചാല്‍ തടവുശിക്ഷ ലഭിക്കും. കൂടാതെ പൊതുസ്ഥലത്തെ സഭ്യതാ നിയമലംഘനങ്ങള്‍ക്ക് ഇനി പിഴ മാത്രമാകും ഈടാക്കുകയെന്നും പുതിയ നിയമഭേദഗതികള്‍ വ്യക്തമാക്കുന്നു.

ഇതോടെ യുഎഇയില്‍ ഇതുവരെ കുറ്റകരമായിരുന്ന പല കാര്യങ്ങളും ഇനി മുതല്‍ കുറ്റകരമാകില്ല.വിദേശ നിക്ഷേപകരെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് വാം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.