തായ് വാന് 1.8 ബില്യണിന്റെ യുഎസ് ആയുധക്കച്ചവടം

തായ് വാന് 1.8 ബില്യണിന്റെ യുഎസ് ആയുധക്കച്ചവടം

തായ്‌വാന്‍: തായ് വാനു മേല്‍ ചൈനീസ് അവകാശവാദമുയരുമ്പോള്‍ തന്നെ തായ് വാന്റെ ആയുധശേഷി ശക്തിപ്പെടുത്തുവാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് യുഎസ് ഭരണകൂടം. ഇതിന്റെ ഭാഗമായി തായ് വാന് 1.8 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അത്യാധുനിക ആയുധ സാമഗ്രികള്‍ വില്‍ക്കുവാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകാരം നല്‍കിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെന്‍സറുകള്‍, മിസൈലുകള്‍, പീരങ്കികള്‍ എന്നിവയുള്‍പ്പെടെ മൂന്ന് ആയുധ സംവിധാനങ്ങള്‍ തായ് വാന് വില്‍ക്കാന്‍ അംഗീകാരമായി. ഇതിനുപുറമെ ഹൈ മോബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റം എന്ന് വിളിക്കപ്പെടുന്ന 11 ട്രക്ക് അധിഷ്ഠിത റോക്കറ്റ് ലോഞ്ചറുകള്‍ തായ് വാന് വില്‍ക്കും. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പ്പാണ് ഇതിന്റെ നിര്‍മ്മാതക്കള്‍. വില 436.1 മില്യണ്‍ ഡോളര്‍.

ബോയിംഗ് നിര്‍മ്മിച്ച ഏകദേശം 1.008 ബില്യണ്‍ വിലമതിക്കുന്ന 135 എജിഎം -84 എച്ച് സ്റ്റാന്‍ഡോഫ് ലാന്‍ഡ് അറ്റാക്ക് മിസൈല്‍ എക്‌സ്പാന്‍ഡഡ് റെസ്‌പോണ്‍സ് മിസൈലുകളും അനുബന്ധ ഉപകരണങ്ങളും തായ് വാന് വില്‍ക്കും.

കോളിന്‍സ് എയ്റോസ്പേസിന്റെ 367.2 മില്യണ്‍ യുഎസ് ഡോളര്‍ വിലയുള്ള ആറ് എംഎസ് -110 റീസെ ബാഹ്യ സെന്‍സര്‍ പോഡുകളും തായ് വാന്‍വാങ്ങും. ജനറല്‍ ആറ്റോമിക്‌സ് നിര്‍മ്മിച്ച ഡ്രോണുകളും ബോയിംഗിന്റെ ഹാര്‍പൂണ്‍ നാവിക വേധ മിസൈലുകളുമുള്‍പ്പെടെയുള്ള കൂടുതല്‍ ഇടപ്പാടുകള്‍ക്കുള്ള അംഗീകാരം കോണ്‍ഗ്രസ് നല്‍കുമെന്നത് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. 100 ക്രൂയിസ് മിസൈലുകള്‍ക്കും 400 മിസൈലുകള്‍ക്കുമായി ഏകദേശം രണ്ടു ബില്യണ്‍ ഡോളര്‍ ചിലവാകും.

തായ് വാന്‍ തങ്ങളുടേതാണെന്ന അവകാശവാദത്തിലാണ് ചൈന. അതേസമയം ജനാധിപത്യത്തിന്റെ കാവല്‍ക്കാരെന്ന നിലയില്‍ തായ് വാനെ കൂടെ നിലനിറുത്തേണ്ടതിന്റെ അനിവാര്യത വാഷിങ്ടണ്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ തായ്‌വാന്‍ ദ്വീപിന് സ്വയം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ സജ്ജമാക്കുന്നതില്‍ അമേരിക്കന്‍ നിയനിര്‍മ്മാതക്കള്‍ ശ്രദ്ധാലുക്കളാണ്. തായ് വാനെ വാരിക്കോരി ആയുധവല്‍ക്കരിക്കുന്ന യുഎസ് നീക്കങ്ങളോടുള്ള ചൈനീസ് പ്രതികരണം വരാനിരിക്കുന്നതേയുള്ളൂ.