കരിങ്കടലിന് മുകളിൽ റഷ്യൻ യുദ്ധവിമാനം തങ്ങളുടെ ഡ്രോൺ ഇടിച്ചുവീഴത്തിയെന്ന് യുഎസ്; വീഡിയോ പുറത്തുവിട്ട് പെൻറഗൺ

Us releases video of Russian Military jet colliding with US military drone
 

ന്യൂയോര്‍ക്ക്: കരിങ്കടലിന് മുകളില്‍ വെച്ച് റഷ്യ തങ്ങളുടെ ഡ്രോണ്‍ വിമാനം തകര്‍ത്തെന്ന് ആരോപിച്ച് യു.എസ് സൈന്യം. റഷ്യന്‍ യുദ്ധവിമാനം യുഎസ് ഡ്രോണിനെ ഇടിച്ച് വീഴ്ത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യുഎസ് സൈനിക ആസ്ഥാനം പെൻറഗൺ പുറത്തുവിട്ടു. മാർച്ച് 14ന് കരിങ്കടലിന് മുകളിലെ അന്താരാഷ്ട്ര വ്യോമ മേഖലയിൽ നടന്ന സംഭവത്തിന്റെ വീഡിയോയാണ് യു.എസ് യൂറോപ്യൻ കമാൻഡ് പുറത്തുവിട്ടത്. റഷ്യൻ എസ് യു 27 വിമാനം യുഎസ് എം.ക്യു നയൻ ഡ്രോണിന്റെ പിൻഭാഗത്ത് ഇടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒരു മിനുട്ട് ദൈർഘ്യമുള്ളതാണ് വീഡിയോ.

ഡ്രോണിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ യുക്രൈന് സമീപം ഇറക്കേണ്ടി വന്നതായും യുഎസ് അധികൃതര്‍ അറിയിച്ചു. റഷ്യയുടെ എസ്.യു.-27 ജെറ്റും യു.എസിന്റെ എം.ക്യൂ.-9 ഡ്രോണുമാണ് തമ്മിലിടിച്ചത്. 

റഷ്യൻ ജെറ്റ് യു.എസിന്റെ ആളില്ലാ ഡ്രോണിനടുത്തെത്തുന്നതും ഇന്ധനം പുറത്തുവിടുന്നതുമാണ് വീഡിയോയിലുള്ളത്. റഷ്യൻ ജെറ്റ് കടന്നുപോകുമ്പോൾ ഡ്രോണിൽനിന്നുള്ള വീഡിയോ കൈമാറ്റം മുറിഞ്ഞുപോകുന്നതും വീഡിയോയിൽ കാണാം. വീണ്ടും റഷ്യൻ ജെറ്റ് ഡ്രോണിനടുത്തെത്തി ഇന്ധനം പുറത്തുവിട്ടു. ഇതിന് ശേഷം പ്രൊപ്പല്ലർ കേടായി.

സുരക്ഷിതമല്ലാത്തതും പ്രൊഫഷണലല്ലാത്തതുമായ കാര്യമാണ് റഷ്യൻ യുദ്ധ വൈമാനികർ ചെയ്തതെന്നാണ് വിമർശിക്കപ്പെടുന്നത്. റഷ്യൻ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും അമേരിക്കൻ സേന പ്രതികരിച്ചു. 

എന്നാല്‍ റഷ്യ ആരോപണം നിഷേധിച്ചിട്ടുണ്ട്. അമേരിക്ക അവരുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നതെന്നും റഷ്യ വിശദീകരിച്ചു.
 
റഷ്യയുടെ പ്രവര്‍ത്തനങ്ങളെ അപകടകരവും അശ്രദ്ധവുമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ വ്യക്തമാക്കി. എന്നാല്‍ ഡ്രോണ്‍ തങ്ങളുടെ വിമാനത്തിനെ ലക്ഷ്യം വെച്ചതായാണ് റഷ്യ ആരോപിച്ചിട്ടുള്ളത്. കൂട്ടിയിടിയില്‍ റഷ്യന്‍ വിമാനത്തിനും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടാകാമെന്ന് യു.എസ്. പറയുന്നത്. കൂട്ടിമുട്ടല്‍ സ്വാഭാവികമായുണ്ടായതാണോ കരുതിക്കൂട്ടിയുള്ള റഷ്യയുടെ പ്രവര്‍ത്തനമാണോ എന്ന് വ്യക്തമല്ല.