വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എ.ഇ അവതരിപ്പിച്ച കരട് പ്രമേയം വീറ്റോ ചെയ്ത അമേരിക്കൻ നടപടിയെ വിമർശിച്ചു ലോകരാജ്യങ്ങൾ. യു.എസ് നീക്കത്തെ വിമർശിച്ച് തുർക്കിയും ഇറാനും മലേഷ്യയും രംഗത്തെത്തി. രക്ഷാ സമിതിയിലെ വീറ്റോ പ്രയോഗം മാനുഷിക ചട്ടങ്ങളോടുള്ള ലജ്ജാകരമായ നിന്ദയെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന യു.എൻ സെക്രട്ടറി ജനറലിന്റെയും രക്ഷാസമിതിയുടേയും ആവശ്യം അമേരിക്ക നേരത്തേ തള്ളിയിരുന്നു. യു.എസ് നിലപാട് കാരണം 55 രാജ്യങ്ങളുടെ പിന്തുണയോടെ യു.എ.ഇ കൊണ്ടുവന്ന കരട് പ്രമേയം രക്ഷാസമിതിയിൽ പാസായില്ല. ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ ഗസ്സയിൽ മരണം 17,490 ആയി.
യുദ്ധം മൂന്നാം മാസത്തിലേക്ക് കടന്നതോടെ ഗസ്സയിലെ മാനുഷിക ദുരന്തത്തിന് പരിഹാരം തേടിയാണ് യു.എൻ രക്ഷാസമിതി ഇന്നലെ വീണ്ടും യോഗം ചേർന്നത്. ഗസ്സയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന കരട് പ്രമേയം യു.എ.ഇയാണ് കൊണ്ടുവന്നത്. 55 രാജ്യങ്ങളുടെ പിന്തുണയും ഇതിനുണ്ടായിരുന്നു. ചൈന, റഷ്യ, ഫ്രാൻസ് ഉൾപ്പെടെ വൻശക്തി രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു.
എന്നാൽ നിലവിൽ വെടിനിർത്തൽ ഉണ്ടായാൽ ഹമാസിനാകും ഗുണം ചെയ്യുകയെന്ന് യു.എന്നിലെ യു.എസ് പ്രതിനിധി റോബർട്ട് വുഡ് അറിയിച്ചു. ഹമാസ് ഇസ്രായേലിന് ഭീഷണി ആയതിനാൽ വെടിനിർത്തലിന് സമയപരിധി വയ്ക്കാൻ ഇസ്രായേലിനെ നിർബന്ധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ 7,870 പേർ കുട്ടികളും 6,121 പേർ സ്ത്രീകളുമാണ്. പട്ടിണി പിടിമുറുക്കുന്ന സാഹചര്യമാണ് ഗസ്സയിൽ ഉള്ളതെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറസ് പറഞ്ഞു. ആരോഗ്യ സംവിധാനം അപ്പാടെ തകർന്നതായി വിവിധ യു.എൻ ഏജൻസികളും വ്യക്തമാക്കുന്നു. ഇന്നലെയും വ്യാപക വ്യോമാക്രമണമാണ് ഗസ്സയിലുടനീളം തുടർന്നത്.
read also:വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുന്നത് അടിച്ചമര്‍ത്തൽ താലിബാൻ മന്ത്രി
ഖാൻ യൂനുസിലും മറ്റും ശക്തമായ ചെറുത്തുനിൽപ്പ് തുടരുന്നതായി അൽ ഖസ്സാം ബ്രിഗേഡ് പറയുന്നു. ബന്ദിയായ ഇസ്രായേൽ സൈനികനെ മോചിപ്പിക്കാനുള്ള ഇസ്രായേൽ നീക്കം പരാജയപ്പെടുത്തിയെന്നും അൽഖസ്സാം ബ്രിഗേഡ്. ഓഫീസർ ഉൾപ്പെടെ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. അതിനിടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ആറ് ഫലസ്തീനികൾ ഇസ്രായേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു. തുബാസിന് സമീപം അൽ ഫറ അഭയാർഥി ക്യാമ്പിലാണ് അക്രമം. ലബനാനിൽ നിന്നുള്ള മിസൈൽ ആക്രമണത്തിൽ സിവിലിയൻമാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഹിസ്ബുല്ലയ്ക്ക് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്തെത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു