കിം ജോങ് ഉന്നിനെതിരെ ചുമരെഴുത്ത്; കയ്യക്ഷരം പരിശോധിച്ച് അന്വേഷണം

 kim jong

സിയോൾ: ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനെതിരെ നഗരത്തിൽ ചുമരെഴുത്ത്. പ്യൊങ്ചൻ ജില്ലയിലെ ഒരു അപ്പാർട്ട്മെൻറിൻ്റെ ചുവരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തിൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ മാസം 22ന് ഉത്തരകൊറിയൻ ഭരണകക്ഷിയുടെ സെൻട്രൽ കമ്മിറ്റി പ്ലീനറി സമ്മേളനം നടക്കുന്നതിനിടെ കണ്ടെത്തിയ ഈ ചുവരെഴുത്ത് അധികൃതർ മായ്ച്ചുകളഞ്ഞു. എന്നാൽ, എഴുതിയ ആളെ കണ്ടുപിടിക്കാൻ നാട്ടുകാരുടെ മുഴുവൻ കയ്യക്ഷരം പരിശോധിക്കുകയാണ്.

വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെയും വിദ്യാർഥികളുടെയും ഉൾപ്പെടെ ആയിരക്കണക്കിനു പേരുടെ കയ്യക്ഷരം പരിശോധിക്കും എന്നാണ് ഉത്തരകൊറിയൻ മാധ്യമങ്ങളിലെ റിപ്പോർട്ട്. 2020ലും ഇത്തരത്തിൽ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ കണ്ടെത്താൻ കയ്യക്ഷര പരിശോധന നടത്തിയിരുന്നു. 

ഉത്തരകൊറിയൻ സുരക്ഷാ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഭരണാധികാരിക്കെതിരെയോ, ഭരണത്തിനെതിരെയോ ചുവരെഴുത്ത് നടത്തുന്നത് ഉത്തര കൊറിയയിൽ വലിയ കുറ്റമാണ്.

അതേസമയം, ആണവായുധവും അമേരിക്കയുമല്ല പ്രാഥമിക പരി​ഗണന പട്ടികയിൽ വരിക എന്ന് ഉത്തരകൊറിയൻ കിം ജോങ് ഉൻ അടുത്തിടെ പ്രസ്താവിച്ചിരുന്നു. രാജ്യം ഇനി ശ്രദ്ധയൂന്നുക ജനങ്ങൾക്ക് ഭക്ഷണവും ജീവിതനിലവാരവും ഉറപ്പുവരുത്താനാകുമെന്നും അധികാരമേറ്റതിൻ്റെ പത്താം വാർഷികത്തിൽ രാഷ്ട്രത്തോട് നടത്തിയ പ്രഭാഷണത്തിൽ കിം പറഞ്ഞു.