'സ്ത്രീകൾ മന്ത്രിമാരാകേണ്ടവരല്ല; അവരുടെ ജോലി കുട്ടികള്‍ക്ക് ജന്മം നല്‍കല്‍': താലിബാൻ

Women can't be ministers, they should give birth - Taliban spokesperson
 

കാബൂൾ: അഫ്ഗാനിസ്താനിൽ സ്ത്രീവിരുദ്ധ പരാമർശവുമായി താലിബാൻ വക്താവ്.  സ്ത്രീകള്‍ മന്ത്രിമാരാകേണ്ടവരല്ലെന്നും കുട്ടികള്‍ക്ക് ജന്മം നല്‍കുക മാത്രമാണ് അവരുടെ പണിയെന്നും താലിബാന്‍ വക്താവ് സയീദ് സക്കീറുള്ള ഹാഷ്മി പറഞ്ഞു. ഭരണത്തില്‍ പങ്കാളിത്തം ആവശ്യപ്പെട്ട് നൂറു കണക്കിന് സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയതിന് പിന്നാലെയാണ് മറുപടി. ടോളോ ന്യൂസിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു താലിബാൻ വക്താവിന്റെ സ്ത്രീവിരുദ്ധ പരാമർശം.

സ്ത്രീകൾക്ക് ഒരിക്കലും മന്ത്രിമാരാകാൻ സാധിക്കില്ല, അത്തരത്തിൽ ഒരു ഭാരം അവരുടെ ചുമലിൽ വെച്ചു കൊടുക്കാൻ സാധിക്കില്ല. ആ ആഭാരം അവർക്ക് താങ്ങാൻ സാധിക്കില്ല. സ്ത്രീകൾ മന്ത്രിസഭയിൽ ഉണ്ടാവുക എന്നത് അടിസ്ഥാനപരമായ കാര്യമല്ല, അവർ പ്രസവിക്കാനുള്ളവരാണ്. നിലവിൽ അഫ്ഗാനിസ്താനിൽ പ്രതിഷേധം നടത്തുന്ന സ്ത്രീകളിൽ ഭൂരിഭാഗം പേരും അഫ്ഗാൻ സ്ത്രീകളല്ല, അഭിമുഖത്തിൽ ഹാഷ്മി പറഞ്ഞു.

നേരത്തെ താലിബാൻ മന്ത്രിസഭയിലെ സ്ത്രീ പ്രാധിനിധ്യമില്ലായ്മയെ ചൂണ്ടിക്കാട്ടി പല കോണിൽ നിന്നും ചർച്ചകൾ ഉയർന്നു വന്നിരുന്നു. ഇതിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കടുത്ത നിർദ്ദേശങ്ങളോടെ പെൺകുട്ടികളെ പ്രവേശിപ്പിച്ചിരുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടി താലിബാൻ മാറ്റത്തിന്റെ പാതയിലാണ് എന്ന് പല കോണിൽ നിന്നും വാദങ്ങളുയർന്നിരുന്നു. എന്നാൽ സ്ത്രീവിരുദ്ധ കാര്യങ്ങളിൽ ഇപ്പോഴും താലിബാന്റെ നിലപാട് മാറിയിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ടോളോ ന്യൂസ് അഭിമുഖത്തിൽ വ്യക്തമാക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഉത്തരവുകള്‍ക്കെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയിരുന്നു. കാബൂളില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരെ താലിബാന്‍ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി തെരുവില്‍ ഇറങ്ങിയ സ്ത്രീകളെ താലിബാന്‍ സേന തോക്കുകളുമായി നേരിടുന്നതിന്റെ വീഡിയോ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.