ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി കടന്നു; ആശങ്കയില്‍ ലോകരാജ്യങ്ങള്‍

covid

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി കടന്നു. ഇന്നലെമാത്രം അഞ്ചരലക്ഷത്തിലധികം പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം പതിനേഴ് കോടി മുപ്പത്തിനാല് ലക്ഷം ആയി ഉയര്‍ന്നു. മരണസംഖ്യ 40,91,333 ആയി 

ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ മൂന്ന് കോടി നാല്‍പത്തിയൊന്‍പത് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.6.24 ലക്ഷം പേര്‍ മരിച്ചു.രണ്ട് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

അതേസമയം, ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 38,079 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 4,24,025 സജീവരോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 560  മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മുക്തിനിരക്ക് 97.31 ശതമാനമായി ഉയരുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 31,064,908 പേരിലാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 413,123 ആയി ഉയര്‍ന്നു. 30,227,792 പേരാണ് ഇതുവരെ കോവിഡില്‍നിന്ന് മുക്തി നേടിയിട്ടുള്ളത്. ഇതുവരെ 399,695,879 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയിട്ടുള്ളതെന്നും ഇന്നലെ മാത്രം 4,212,557 ഡോസ് വാക്സിന്‍ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. 

ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1.93 കോടിയായി ഉയര്‍ന്നു. മരണസംഖ്യ 5.45 ലക്ഷമായി.