പച്ച പപ്പായ കിട്ടിയാൽ കറി വയ്ക്കാത്ത വീടുകൾ കുറവാണ്. തോരനും, പച്ചടിയും, അച്ചാറും എല്ലാം ഇതുപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കും. എന്നാൽ ചിലർക്ക് ഇതത്ര പിടിക്കില്ല. എന്നാൽ അങ്ങനെ പപ്പായയെ മാറ്റി നിർത്തുന്നവരെ വരെ കൊതിപ്പിക്കുന്ന ഒരു കിടിലൻ കറി പപ്പായ വച്ച് ഉണ്ടാക്കിയാലോ ?
ആവശ്യമായ ചേരുവകൾ
പപ്പായ-1
മുളകുപൊടി- 1/2 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
ജീരകം- ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന്
കറുവാപ്പട്ട- 2 കഷ്ണം
ചുവന്നുള്ളി- 30
ഇഞ്ചി- ചെറിയ കഷ്ണം
വെളുത്തുള്ളി- 1/4 കപ്പ്
പച്ചമുളക്- 3
മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
മല്ലിപ്പൊടി- 2 ടേബിൾസ്പൂൺ
കാശ്മീരി മുളകുപൊടി- 1/2 ടീസ്പൂൺ
തക്കാളി- 3
തേങ്ങ ചിരകിയത്- 1 കപ്പ്
വെളിച്ചെണ്ണ- 3 ടേബിൾസ്പൂൺ
വറ്റൽമുളക്- 4
തയ്യാറാക്കുന്ന വിധം
പപ്പായ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കുക. ഇതിലേയ്ക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ എന്നിവ ചേർത്തിളക്കി യോജിപ്പിച്ച് അൽപ സമയം മാറ്റി വയ്ക്കാം. പാൻ നടുവിൽ വച്ച് ചൂടാക്കിയ ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ഒഴിക്കാം. ഇനി അതിലേക്ക് കറുവാപ്പട്ട, ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്തു വഴറ്റാം.
ഈ മിശ്രിതം നല്ല ബ്രൗൺ നിറമാകുന്നതു വരെ ഇളക്കി കൊടുക്കാം. പിന്നാലെ ഇതിലേക്ക് മല്ലിപ്പൊടി, കാശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവയും ചേർക്കാം. ഇതിലേയ്ക്ക് തക്കാളി കഷ്ണങ്ങൾ കൂടി ചേർത്തു വേവിക്കാം. ഇതിലേയ്ക്കു മാറ്റി വച്ചിരിക്കുന്ന പപ്പായ ഉടച്ച് ചേർക്കാം. കൂടെ അര കപ്പ് വെള്ളം കൂടി ഒഴിച്ച് വേവിക്കാം.
ഇത് വേവുന്ന സമയത്ത് മിക്സിയിൽ തേങ്ങ ചിരകിയതും, ചുവന്നുള്ളിയും, ജീരകവും ഉപ്പും ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കാം. തിളച്ചു വരുന്ന കറിയിലേയ്ക്ക് ഈ അരപ്പ് ചേർത്തിളക്കി യോജിപ്പിക്കാം. അൽപ സമയത്തിനു ശേഷം അടുപ്പണയ്ക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി കടുക് വറ്റൽമുളക്, കറിവേപ്പില, ചുവന്നുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്തു വറുക്കാം. ഇത് കറിയിലേയ്ക്ക് ഒഴിക്കാം.