ഹരീഷ് പേരടി പ്രധാന വേഷത്തിൽ എത്തുന്ന മലയാള ചിത്രമായ ‘ദാസേട്ടന്റെ സൈക്കിൾ’ ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഫാമിലി ഡ്രാമയായ സിനിമയ്ക്ക് തിയറ്ററിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല പിന്നാലെയാണ് ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിച്ചത്.
ഡിജിറ്റൽ പ്രീമിയറോടെ, കൂടുതൽ പ്രേക്ഷകരെ ‘ദാസേട്ടന്റെ സൈക്കിൾ’ ആകർഷിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. അടുത്തിടെ, അഭിലാഷം, വടക്കൻ, ഔസേപ്പിന്റെ ഒസിയത്ത് തുടങ്ങിയ മലയാള ചിത്രങ്ങൾ ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാണം ഹരീഷ് പേരടിയാണ്. വൈദി പേരടി, സുധി കോഴിക്കോട്, ഷാജി, കബനി ഹരിദാസ്, അഞ്ജന അപ്പുക്കുട്ടൻ, രത്നാകരൻ, അനുപമ, അഖിൽ കാവുങ്കൽ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം രാഹുൽ സി. വിമലാണ്. ജോമോൻ സിറിയക്കാണ് എഡിറ്റിങ് നിർവഹിച്ചത്. തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ.സി ഗിരീശൻ സംഗീതം പകരുന്നു. ബി.ജി.എം പ്രകാശ് അലക്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നൗഫൽ പുനത്തിൽ, മേക്കപ്പ്-രാജീവ് അങ്കമാലി.