Entertainment

തീയറ്റുകളില്‍ കൈയ്യടി നേടി വ്യസനസമേതം ബന്ധുമിത്രാദികള്‍: 3 ദിവസത്തെ കളക്ഷന്‍ അറിയാം!

എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വ്യസന സമേതം ബന്ധുമിത്രാദികള്‍. ‘വാഴ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷന്‍സ്, ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണിത്. വെള്ളിയാഴ്ച ആയിരുന്നു ചിത്രം തീയറ്ററുകളില്‍ എത്തിയത്. പ്രതികൂല കാലാവസ്ഥയിലും ബോക്‌സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

കേരളത്തില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയ ഗ്രോസ് 36 ലക്ഷം ആണെന്നാണ് ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തുടര്‍ന്നുള്ള രണ്ട് ദിനങ്ങളിലും കളക്ഷന്‍ വര്‍ധിച്ചു. രണ്ടാം ദിനത്തില്‍ 57 ലക്ഷം നേടിയ ചിത്രം ഞായറാഴ്ച അത് 74 ലക്ഷത്തിലേക്കും വര്‍ധിപ്പിച്ചു. അങ്ങനെ ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 1.67 കോടിയാണ്. കേരളത്തിന് പുറത്തും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നതെന്ന് വ്യക്തമാക്കുന്നതാണ് ട്രാക്കര്‍മാരുടെ കണക്കുകള്‍. പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍കിന്റെ കണക്ക് പ്രകാരം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം 71 ലക്ഷം നെറ്റ് നേടിയ ചിത്രം രണ്ടാം ദിനം 1.31 കോടിയും മൂന്നാം ദിനം 1.76 കോടിയും നേടി. അങ്ങനെ ആദ്യ മൂന്ന് ദിനങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നേടിയ നെറ്റ് കളക്ഷന്‍ 3.78 കോടി.

അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.