Entertainment

‘ഇന്‍സെപ്ഷനി’ലെ വേഷം നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി വില്‍ സ്മിത്ത്

2010-ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ സൂപ്പർഹിറ്റ് ചിത്രമായ ഇൻസെപ്ഷനിലെ ഡൊമിനിക് കോബിന്റെ വേഷത്തിനായി ചലച്ചിത്ര നിർമ്മാതാവ് ക്രിസ്റ്റഫർ നോളൻ തന്നെ സമീപിച്ചതായി ഹോളിവുഡ് താരം വിൽ സ്മിത്ത് വെളിപ്പെടുത്തി. എന്നാൽ കഥ മനസ്സിലാകാത്തതിനാൽ താൻ അത് നിരസിച്ചതെന്ന് നടൻ പറഞ്ഞു. ഒടുവിൽ ആ വേഷം ലിയോനാഡോ ഡികാപ്രിയോ ആണ് ചെയ്തത്.

1999-ല്‍ പുറത്തിറങ്ങിയ ‘ദി മെട്രിക്‌സി’ലെ വേഷം വില്‍ സ്മിത്ത് വേണ്ടെന്ന് വെച്ചിരുന്നു. സമാനമായി വേണ്ടെന്ന് വെച്ച സിനിമകള്‍ ഏതെങ്കിലുമുണ്ടോ എന്ന അഭിമുഖകാരന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വില്‍ സ്മിത്ത്. ‘ഇന്‍സെപ്ഷനി’ലെ വേഷം വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് താന്‍ ഇതുവരെ തുറന്നുപറഞ്ഞിരുന്നില്ലെന്നും വില്‍ സ്മിത്ത് വ്യക്തമാക്കി. ചിത്രം കൈകാര്യംചെയ്യുന്ന ആള്‍ട്ടര്‍നേറ്റീവ് റിയാലിറ്റി എന്ന ആശയം തനിക്ക് മനസിലായില്ലെന്നും ആ വേഷം വേണ്ടെന്ന് വെച്ചതില്‍ തനിക്കിപ്പോള്‍ വിഷമമുണ്ടെന്നും വില്‍ സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

ഡികാപ്രിയോ അവതരിപ്പിച്ച ഡോം കോബ് എന്ന വേഷത്തിനായി ആദ്യം പരിഗണിച്ചിരുന്നത് ബ്രാഡ് പിറ്റിനെയായിരുന്നു. എന്നാല്‍, അദ്ദേഹം തയ്യാറായില്ല. തുടര്‍ന്നാണ് വില്‍ സ്മിത്തിനെ സമീപിച്ചത്. വില്‍ സ്മിത്തും വേണ്ടെന്ന് വെച്ചതോടെ വേഷം ഡികാപ്രിയോയിലേക്ക് എത്തുകയായിരുന്നു.