Recipe

വെണ്ടയ്ക്ക പൊള്ളിച്ചത് തയാറാക്കുന്ന വിധം:

ചേരുവകൾ

വെണ്ടയ്ക്ക 6എണ്ണം, വെളിച്ചെണ്ണ 2 ടീ സ്പൂൺ, സവാള ഒരെണ്ണം, പച്ചമുളക് ഒരെണ്ണം, കറിവേപ്പില ഒരു തണ്ട്, ഉണക്കമുളക് 2എണ്ണം, ഒന്നര തക്കാളി പേസ്റ്റാക്കിയത്, കാശ്മീരി മുളകുപൊടി അര ടീസ്പൂൺ, മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ, ഉപ്പു പാകത്തിന്, കുരുമുളക് പൊടി ഒരു ടീസ്പൂൺ, വാഴയില ഒന്ന്

തയാറാക്കുന്ന വിധം:-

വെണ്ടയ്ക്കയുടെ നാലു വശവും നീളത്തിൽ നന്നായി വര‍ഞ്ഞെടുക്കുക. പാൻ ചൂടാക്കി കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ‍ വെണ്ടയ്ക്ക ഇട്ട് നന്നായി മറിച്ചും തിരിച്ചുമിട്ട് വഴറ്റുക. ശേഷം ഒരു നുള്ള് വീതം കാശ്മീരി മുളകുപൊടിയും മഞ്ഞൾപൊടിയും വിതറി രണ്ടു മിനിട്ട് ഗ്രിൽ ചെയ്തെടുക്കണം.

അതേ പാനിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും കറിവേപ്പില, ഉണക്കമുളക് എന്നിവയും ചേർക്കണം. ഇവ നന്നായി വഴന്നു വരുമ്പോൾ തക്കാളി ഇട്ട് നന്നായി യോജിപ്പിക്കുക. ശേഷം ബാക്കിയുളള കാശ്മീരി മുളക് പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർക്കണം. അതുകഴിഞ്ഞ് ഫ്രൈ ചെയ്ത വെണ്ടയ്ക്ക ഇട്ട് ഇളക്കി യോജിപ്പിക്കുക. ശേഷം വാട്ടിയ വാഴയിലയിൽ വെണ്ടയ്ക്കയും മസാലയും വച്ച് നന്നായി പൊതിഞ്ഞുകെട്ടി വയ്ക്കുക. തുടർന്ന് പാനിൽ കുറച്ച് എണ്ണയൊഴിച്ച് വാഴയില അതിൽ വച്ച് നന്നായി ഗ്രിൽ ചെയ്തെടുക്കാം.