തിരുവനന്തപുരം: രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് പരിപാടിയില്‍ നിന്നും മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയ സംഭവത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍.
രാജ്ഭവനില്‍ ഉണ്ടായ സംഭവം ലജ്ജാകരമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഒരു മന്ത്രി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നിന്ദയാണ് മന്ത്രി ശിവന്‍കുട്ടി ചെയ്തത്. ഭരണനിര്‍വഹണത്തിന്റെ ചുമതല വഹിക്കുന്ന തലവന്റെ കേന്ദ്രം ആണ് രാജ്ഭവന്‍.
മന്ത്രി ശിവന്‍കുട്ടി ഭാരതാംബയെ തള്ളിപ്പറഞ്ഞു.അസഹിഷ്ണുത കുട്ടികളിലേക്ക് കടത്തി വിട്ടെന്നും മന്ത്രി ഇറങ്ങി പോയത് അനവസരത്തിലാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ദേശീയ ഗാനത്തെയും ഭാരതാംബയേയും മന്ത്രി തള്ളിപ്പറഞ്ഞു. കാവിയോട് മന്ത്രിക്ക് എന്തുകൊണ്ട് ഇത്രയും അസഹിഷ്ണുതയെന്നും കുമ്മനം രാജശേഖരന്‍ ചോദിച്ചു.
















