രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ കേരള ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍ക്കെതിരെ എസ്എഫ്ഐ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഗവർണറെ ഭരണഘടന പഠിപ്പിക്കും എന്ന ബാനറും ഏന്തിയാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കിയും പ്രയോഗിച്ചു.
ആർഎസ്എസിന്റെ തറവാട് സ്വത്തല്ല കേരളം എന്നും അതിൻ്റെ പേരിൽ പണിതതല്ല രാജ്ഭവൻ എന്നും തങ്ങൾ ഒരിക്കലും ഭരണഘടനാ മൂല്യങ്ങളിൽ നിന്നും പുറകോട്ടു പോകില്ലെന്നും അതിനാൽ ഗവർണറുടെ വിരട്ട് എസ്എഫ്ഐയോട് വേണ്ടെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലുമടക്കം ഹിന്ദുത്വ വര്‍ഗീയതയുടെ പ്രതീകങ്ങളെ പ്രദര്‍ശിപ്പിക്കാനുള്ള ഗവര്‍ണറുടെ നടപടിയിൽ പ്രതിഷേധിച്ചതാണ് എസ്എഫ്ഐ മാർച്ച് സംഘടിപ്പിച്ചത്.
ഇന്നലെ രാജ്ഭവനില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയിരുന്നു. പരിപാടിയില്‍ ചിത്രംവയ്ക്കില്ലെന്ന് മന്ത്രിക്ക് ഉറപ്പു ലഭിച്ചിരുന്നെന്നും എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി എത്തിയപ്പോള്‍ വേദിയില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പൂവിട്ട് പൂജിക്കുന്നതാണ് കണ്ടതെന്നും മന്ത്രി പ്രതികരിച്ചിരുന്നു. ഗവര്‍ണര്‍ ഇരിക്കെത്തന്നെ ഈ നടപടിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചശേഷം ആണ് മന്ത്രി വേദി വിട്ടത്.
story highlight: kerala governor sfi protest