പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. മെഴുവേലി സ്വദേശിയായ 21കാരിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിരുന്നു. ചൊവ്വാഴ്ച പകൽ 1.15ഓടെയാണ് സംഭവം. 21കാരിയായ അവിവാഹിത പ്രസവിച്ച നവജാതശിശുവിന്റെ മൃതദേഹം ആളൊഴിഞ്ഞ വീട്ടുവളപ്പിൽ കണ്ടെത്തുകയായിരുന്നു. തലയ്ക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണ കാരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. തുടർന്നാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രസവം നടന്ന മെഴുവേലിയിലെ വീട്ടിൽ യുവതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
അമിത രക്തസ്രാവത്തെ തുടർന്ന് യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്. പ്രസവിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെങ്കിലും, ഇതുസംബന്ധിച്ച് ഡോക്ടർ ചോദിച്ചപ്പോൾ യുവതി വ്യക്തമായ മറുപടി നൽകിയില്ല. തുടർന്നാണ് ആശുപത്രി അധികൃതർ പത്തനംതിട്ട ഡിഎംഒയെ വിവരമറിയിച്ചത്. തുടർന്ന് ഇലവുംതിട്ട പൊലീസ് ഇൻസ്‌പെക്ടർ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയുടെ വീടിനോട് ചേർന്ന് ആൾതാമസമില്ലാതെ കിടന്ന വീടിന്റെ മതിൽക്കെട്ടിനുള്ളിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.