ഏറെ ഔഷധ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് കാന്താരി മുളക്. ഒട്ടുമിക്ക വീടുകളിലും ഒന്ന്, രണ്ട് കാന്താരി മുളകിന്‍റെ തൈ എങ്കിലും ഉണ്ടാകും. ഉച്ചയ്‌ക്കഞ്ഞിക്ക് നല്ലൊരു ചമന്തി അരയ്‌ക്കാൻ മുതല്‍ കറി ഉണ്ടാക്കുന്നതിന് വരെ കാന്താരി മുളക് ഉപയോഗിക്കല്‍ പതിവാണ്. ചിലര്‍ ഉപ്പിലിട്ടും ഇത് ഉപയോഗിക്കും.
ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിൻ എ, ബി, സി, ഇ തുടങ്ങിയവയാല്‍ സമ്പന്നമായ കാന്താരി മുളക് കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം ഉള്‍പ്പെടെയുള്ള ജീവിത ശൈലി രോഗങ്ങള്‍ തടയാൻ സഹായിക്കും. ഹൃദയാരോഗ്യത്തിനും, കാന്താരി മുളകില്‍ വിറ്റാമിന്‍ സി അടങ്ങിയതിനാല്‍ പ്രതിരോധ ശേഷിക്കും നല്ലതാണ്. കാന്താരിമുളക് കഴിക്കുന്നത് വഴി പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ കഴിയും. കാന്താരിമുളക് ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഇത് ഇന്‍സൈംന്‍റെ ഉല്‍പാദനം കൂട്ടുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു.
മറ്റുള്ള കൃഷികളെ സംബന്ധിച്ച് കാന്താരി മുളക് പരിചരണം ഏറെ കുറവുള്ള കൃഷിയാണ്. വളരെ എളുപ്പം ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാൻ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. മഴയാണെങ്കിലും വെയില്‍ ആണെങ്കിലുമൊക്കെ ഇത് കൃഷി ചെയ്യാം. ശാസ്‌ത്രീയമായ വളവും ഇതിനാവിശ്യമില്ല, വിവിധ തരം കാന്താരി മുളക് വിപണിയില്‍ ഉണ്ടെങ്കിലും പച്ച നിറത്തിലുള്ള കാന്താരിക്കാണ് കൂടുതല്‍ ഡിമാൻഡ്.
കാന്താരി മുളക് നടീല്‍ രീതി
മാര്‍ച്ച് അവസാനമാണ് കാന്താരി മുളക് കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ മാസം. ആദ്യം പഴുത്ത ചുവന്ന മുളകില്‍ നിന്നുള്ള വിത്തുകള്‍ എടുക്കുക. കാന്താരി വിത്ത് പാകിയാണ് മുളപ്പിക്കേണ്ടത്. അനുയോജ്യമായ ഒരുസ്ഥലത്ത് വിത്തുകള്‍ പാകി തൈകള്‍ മുളപ്പിക്കാം. പഴുത്ത മുളകിലെ വിത്തുകള്‍ തണലിൽ വച്ച് ഉണക്കി എടുക്കാം. വിത്ത് പാകുന്നതിനു മുൻപ് അര മണിക്കൂര്‍ വെള്ളത്തില്‍/ സ്യുഡോമോണസില്‍ കുതിർത്തു വയ്‌ക്കാം. അധികം ആഴത്തില്‍ പോകാതെ വിത്ത് പാകാൻ ശ്രമിക്കണം.
പാകി 4-5 ദിവസം കൊണ്ട് വിത്ത് മുളയ്‌ക്കുന്നതായി കാണാം, ആവശ്യത്തിനു നനയ്ക്കാൻ മറക്കരുത്. വിത്തുകള്‍ കിളിര്‍ത്തു വരുമ്പോള്‍ തന്നെ തൈകള്‍ അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്കോ പ്രത്യേക ബാഗുകളിലേക്കോ പറിച്ചു നടാം. ഓരോ 3 അല്ലെങ്കില്‍ 4 മണിക്കൂറിന് ശേഷവും 2 മുതല്‍ 3 ദിവസം വരെ എന്ന രീതിയിലാണ് വെള്ളം ഒഴിക്കേണ്ടത്. വേണമെങ്കില്‍ അടിവളമായി ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ഉപയോഗിക്കുന്നത് നല്ലതാണ്. കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും നന്നായി വിളവ് കിട്ടുന്ന കൃഷിയാണ് കാന്താരി മുളക്.