ഗാസ: ഗാസയിൽ ഭക്ഷണം കാത്തുനിൽക്കുന്നവർക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളിൽ ഇത്തരം വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 500ലേറെയായെന്നാണ് പ്രാദേശികവൃത്തങ്ങളെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തിയിരുന്ന ഭക്ഷണവിതരണത്തിനിടെയാണ് ഇസ്രയേൽ ആക്രമണമുണ്ടായത്. മരിച്ചവരിൽ എട്ട് പേർ കുട്ടികളാണ് എന്നും റിപ്പോർട്ടുകളുണ്ട്. ഏകദേശം 150 പേർക്ക് പരിക്കുകളുണ്ട് എന്നാണ് വിവരം. മധ്യ ഗാസ ഇടനാഴിയിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.
ഇസ്രയേൽ ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ 20 മാസം നീണ്ട ഗാസയിലെ യുദ്ധത്തിനും അവസാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പലസ്തീനിലെ സാധാരണക്കാരുള്ളത്. സാധാരണക്കാർ ഒരുമിച്ച് കൂടുന്ന ഇടങ്ങളിൽ ഇസ്രയേൽ സൈന്യം ആക്രമണം അഴിച്ച് വിടുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അൽ ആലമിലും അൽ ഷൗക്കത്തിലും ഇത്തരം സംഭവങ്ങൾ നടന്നതായാണ് ദി ഗാർഡിയൻ റിപ്പോർട്ട്.