പണമാണ് ഇന്ന് എല്ലാ മനുഷ്യർക്കും വേണ്ടത്. അതിനുവേണ്ടിയാണ് ഓരോ ദിവസത്തെയും അധ്വാനം. കാരണം പണമില്ലെങ്കിൽ ജീവിക്കാനാകില്ല. അതിനായി ഏതു മാർഗവും സ്വീകരിക്കുകയും മറ്റുള്ളവരുടെ ജീവനെടുക്കുകയും ചെയ്യുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. അത്തരമൊരു ലോകത്ത് തികച്ചും വ്യത്യസ്തനാവുകയാണ് കോട്ടയം പാമ്പാടി സ്വദേശിയായ ബിനോയി.
ഭാര്യയോടൊപ്പം മീനടത്തേ മരണവീട്ടിലേക്ക് പോകുന്ന വഴി റോഡരികിൽ കിടന്ന് കിട്ടയ 6 ലക്ഷം രൂപ പോലീസിലേൽപ്പിച്ച് മാതൃകയായിരിക്കുകയാണ് ഇദ്ദേഹം. കടംകേറി നട്ടംതിരിയുന്ന ജീവിത സാഹചര്യത്തിലാണ് ടൈലു പണിക്കാരനായ ബിനോയ്ക്ക് ഈ പണം കിട്ടിയതെങ്കിലും അത് പോലീസിന് കൈമാറി ഉടമസ്ഥനെ കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കോട്ടയം ജില്ലാ പോലീസ് മീഡിയ സെല്ലാണ് ഇക്കാര്യ വെളിപ്പെടുത്തിയത്. സംഭവത്തിൽ പണം ഉടമസ്ഥനെ കണ്ടെത്തി ബിനോയിയെ കൊണ്ട് തന്നെ പാമ്പാടി പോലീസ് കൈമാറുകയും ചെയ്തു.
സംഭവം ഇങ്ങനെ…..
ലക്ഷങ്ങൾ വേണ്ട.. ബിനോയി നേരിനൊപ്പം…
ഒരു മരണവുമായി ബന്ധപ്പെട്ട് മീനടത്തേക്ക് ഭാര്യയുമായി ബൈക്കിൽ യാത്ര ചെയ്യുന്ന അവസരത്തിൽ ആണ് തന്റെ തൊട്ടു മുൻപിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിൽ ഒരു കെട്ട് ഇരിക്കുന്നത് ബിനോയിയുടെ ശ്രദ്ധയിൽ പെടുന്നത്. അബദ്ധത്തിൽ വച്ചിരിക്കുന്നതാണ് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കിയ ബിനോയി തുടർച്ചയായി ഹോൺ മുഴക്കിയെങ്കിലും ശ്രദ്ധിക്കാതെ സ്പീഡിൽ പോയ കാറിൽ നിന്നും വളവ് തിരിയവേ കെട്ട് റോഡിലേക്ക് തെറിച്ചു വീണു.
കെട്ടുമെടുത്ത് ബിനോയി ഇലക്കൊടിഞ്ഞി വരെ പോയെങ്കിലും കാർ പിന്നിട് കണ്ടില്ല. കെട്ടിൽ പണമാണെന്ന് മനസിലായ ബിനോയി സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം പണം അടങ്ങിയ കെട്ട് സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ പാമ്പാടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഇവരുടെ സാന്നിധ്യത്തിൽ നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തിയപ്പോൾ അത് 6 ലക്ഷം രൂപാ ഉണ്ടായിരുന്നു. പിറ്റേന്ന് പത്രത്തിലൂടെ വിവരമറിഞ്ഞ പണം നഷ്ടപ്പെട്ടയാൾ പാമ്പാടി സ്റ്റേഷനിൽ എത്തി നിയമപരമായ നടപടികൾക്ക് ശേഷം 6 ലക്ഷം രൂപാ കൈപ്പറ്റി. വാകത്താനം പഞ്ചായത്തിൽ 17-ാം വാർഡിൽ മുരിക്കാട്ട് പറമ്പിൽ ജോൺ, ദീനാമ്മ എന്നിവരുടെ ഇളയ മകനാണ് ബിനോയി. ഭാര്യ ഷിൻറു, മകൻ ഏദൻ.
content highlight: Kottayam Pambady 6 lakhs
















