യുഡിഎഫിന്റെ അടിത്തറ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അത് എങ്ങനെയായിരിക്കും എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ അജണ്ട പുറത്ത് പറയേണ്ട കാര്യമില്ലെന്നും തിരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങൾ ശക്തമായി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
പി വി അൻവറിന്റെ കാര്യത്തിൽ യുഡിഎഫ് ഏകകണ്ഠമായി തീരുമാനമെടുത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ ഒറ്റയ്ക്ക് തീരുമാനിച്ചതല്ലെന്നും എല്ലാവരും ചേർന്നെടുത്ത തീരുമാനമാണെന്നും വി ഡി സതീശൻ പറഞ്ഞു. ഇനി ആ വിഷയത്തിൽ ചോദ്യം വേണ്ട. എല്ലാ ദിവസവും ഒരേ ചോദ്യം ആവർത്തിക്കുന്നതിന് അർത്ഥമുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു. ഇനി വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മിന്നുന്ന വിജയം ഉറപ്പാണ്. എങ്ങനെയെന്ന് ഇപ്പോൾ ചോദിക്കേണ്ട. എല്ലാ ദിവസവും തന്റെ പേര് മാത്രം പറഞ്ഞ് ക്രെഡിറ്റ് തന്ന് സഹായിക്കേണ്ട. അതിജീവനത്തിന് നേതൃത്വം നൽകുന്നത് മുഴുവൻ മുന്നണിയുമാണെന്നും വി ഡി സതീശൻ പറഞ്ഞു.