നിലമ്പൂരിലെ വിജയത്തിന് പിന്നാലെ മുന്നണിയെ കൂടുതൽ വിപുലീകരിക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വിട്ടുപോയ ഒരുപാട് പേരെ കൂട്ടിച്ചേർക്കുമെന്നും കെപിസിസി പ്രസിഡന്റ്, നേതാക്കൾ, ലീഗ് നേതാക്കൾ എന്നിവരുമായെല്ലാം ആലോചിച്ചാകും വിപുലീകരണം ഉണ്ടാകുക എന്നും ജോസ് കെ മാണിയെ അടക്കം തിരിച്ചുകൊണ്ടുവരുന്നത് ആലോചിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു. സിപിഐ യുഡിഎഫിലേക്ക് വരണമെന്നും മുൻപ് സഹകരിച്ചിരുന്ന പാർട്ടി ആണെന്നും അടൂർ പ്രകാശ് പറഞ്ഞു.
പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചുള്ള ഒരു ചർച്ചയും ഇപ്പോൾ ആവശ്യമില്ലെന്നും പി വി അൻവർ തന്നെയാണ് യുഡിഎഫ് പ്രവേശനത്തിനുള്ള അവസരം ഇല്ലാതാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അൻവറുമായി താൻ സംസാരിച്ചപ്പോൾ ഒരു നിബന്ധനയും അദ്ദേഹം വെച്ചിരുന്നില്ലെന്നും അൻവർ സന്നദ്ധനാണെങ്കിൽ വീണ്ടും ചർച്ച ചെയ്യുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി സഹകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് എൽഡിഎഫിനോട് എന്തുകൊണ്ട് ആ ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്നും എൽഡിഎഫ് ഒരിക്കൽ ജമാഅത്തെ ഇസ്ലാമിയുടെ സഹകരണം വാങ്ങിയിരുന്നു. ഇപ്പോൾ അവർ യുഡിഎഫിനോട് ഒരു താത്പര്യം കാണിക്കുന്നുണ്ടെങ്കിൽ അവരെ ഒഴിവാക്കി നിർത്തണം എന്ന് പറയുന്നതിൽ കാര്യമില്ല. ശശി തരൂരുമായി ബന്ധപ്പെട്ട് താൻ അഭിപ്രായം പറയാൻ ആളല്ല. അദ്ദേഹം വർക്കിങ് കമ്മിറ്റി അംഗമാണ്. അഭിപ്രായം പറയേണ്ടത് എഐസിസിയാണെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.