കോട്ടയം: മുന്നണി മാറ്റ അഭ്യൂഹങ്ങൾ തള്ളി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഇടതുമുന്നണിയിൽ തങ്ങൾ ഹാപ്പിയാണെന്നും യുഡിഎഫ് നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടില്ല എന്നും ജോസ് കെ മാണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഘടകകക്ഷികളെ തേടി യുഡിഎഫ് പോകുന്ന അവസ്ഥ നിലമ്പൂരിലെ വിജയം സംസ്ഥാനത്തെ ജനങ്ങളുടെ വിധിയല്ല എന്ന് തെളിയിക്കുന്നു. തങ്ങൾക്ക് മുന്നണി മാറേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയപ്പോഴായിരുന്നു ജോസ് കെ മാണി മുന്നണി മാറ്റം തള്ളി രംഗത്തുവന്നത്. കഴിഞ്ഞ തവണത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അർഹതപ്പെട്ട സീറ്റുകൾ ലഭിച്ചിരുന്നില്ലെന്നും അതിനാൽ ഇത്തവണ കൂടുതൽ സീറ്റുകൾ മുന്നണിയിൽ ആവശ്യപ്പെടുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
പെട്ടെന്നാണ് യുഡിഎഫിൽ നിന്ന് പാർട്ടിയെ പുറത്താക്കിയത്. അതിനാൽ അർഹതപ്പെട്ട സീറ്റുകൾ അന്ന് ലഭിക്കാതെ പോയി. ഇപ്രാവശ്യം എല്ലാം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.