Business

ഇന്ത്യയെ വേണ്ടാത്ത കോ‍ടീശ്വരന്മാർ!!

ഏകദേശം 3,500 ഇന്ത്യന്‍ കോടീശ്വരന്‍മാര്‍ രാജ്യം വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്റെ 2025 ലെ റിപ്പോര്‍ട്ടിലാണ് ഈക്കാര്യം ഉൾപ്പെടുത്തിയത്. അതേസമയം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യം വിടുന്ന ആളുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 2024 ല്‍ 4,300 കോടീശ്വരന്മാരും, 2023 ല്‍ 5,100 പേരും വിദേശത്ത് സ്ഥിരതാമസം മാറ്റിയിരുന്നു.

കോടീശ്വരന്‍മാരുടെ കുടിയേറ്റം സമ്പത്തിന്റെ ഒഴുക്കിനെ കൂടിയാണ് അടയാളപ്പെടുത്തുന്നത്. ഹെന്‍ലിയുടെ കണക്കനുസരിച്ച് ഈ വര്‍ഷം 3,500 പേരുടെ കുടിയേറ്റം മൂല്യം 26.2 ബില്യണ്‍ ഡോളര്‍ (ഏകദേശം 2.19 ലക്ഷം കോടി രൂപ) ഇന്ത്യയ്ക്ക് നഷ്ടമാകും. അതേസമയം 2014 നും 2024 നും ഇടയില്‍ ഇന്ത്യയിലെ കോടീശ്വരന്മാരുടെ എണ്ണം 72 ശതമാനം വര്‍ധിച്ചെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനൊപ്പം വിദേശ മണ്ണ് കൊതിക്കുന്ന ഇന്ത്യന്‍ കോടീശ്വരന്‍മാരുടെ എണ്ണവും വര്‍ധിക്കുന്നു.

കോടീശ്വരന്‍മാരുടെ ഈ കുടിയേറ്റം ഇന്ത്യയില്‍ മാത്രമല്ല. ഇതൊരു ആഗോള പ്രതിഭാസമാണ്. ലോകമെമ്പാടുമുള്ള 1,42,000 -ത്തിലധികം കോടീശ്വരന്മാര്‍ 2025 -ല്‍ തങ്ങളുടെ രാജ്യങ്ങള്‍ വിടാന്‍ തയ്യാറെടുക്കുന്നുവെന്നാണ് വിവരം. 2026 -ല്‍ ഇത്തരക്കാരുടെ എണ്ണം 1,65,000 ആകുമെന്നും ലിസ്റ്റ് പ്രവചിക്കുന്നു. 1 മില്യണ്‍ യുഎസ് ഡോളറോ, അതില്‍ കൂടുതലോ സമ്പത്തുള്ള വ്യക്തികളുടെ വര്‍ഷിക നീക്കങ്ങളാണ് റിപ്പോര്‍ട്ടിനായി പരിഗണിച്ചിരിക്കുന്നത്.

കോടീശ്വരന്‍മാരുടെ കുടിയേറ്റ ട്രെന്‍ഡില്‍ ഒന്നാമത് യുകെ ആണ്. യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്ന് ഏകദേശം 16,500 കോടീശ്വരന്‍മാര്‍ പറക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 7,800 കോടീശ്വരന്മാരുടെ ഒഴുക്ക് പ്രതീക്ഷിക്കുന്ന ചൈനയാണ് ലിസ്റ്റില്‍ രണ്ടാമത്. ഒരുകാലത്ത് ഏവരും കൊതിച്ചിരുന്ന യുകെ 2016 ലെ ബ്രെക്‌സിറ്റിന് ശേഷം ആകര്‍ഷകമല്ലാതായി എന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫ്രാന്‍സ് (800 +), സ്‌പെയിന്‍ (500), ജര്‍മ്മനി (400) എന്നിവയും വര്‍ഷങ്ങളായി കോടീശ്വരന്മാരെ നഷ്ടപ്പെടുന്നു.

നിലവില്‍ യുഎഇ ആണ് കോടീശ്വരന്‍മാരുടെ ആദ്യ ഓപ്ഷന്‍. 9,800 -ലധികം കോടീശ്വരന്മാര്‍ ഈ വര്‍ഷം തങ്ങളുടെ രാജ്യങ്ങള്‍ വിട്ട് ദുബായ്, ഷാര്‍ജ പോലുള്ള നഗരങ്ങളിലേക്ക് എത്തിമെന്നു കരുതപ്പെടുന്നു. നികുതി സൗഹൃദ ഭരണകൂടമാണ് ഇതിനു പ്രധാന കാരണം.

ഇഷ്ട കേന്ദ്രങ്ങളുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനം യുഎസിന് തന്നെയാണ്. ഇത് ആളുകളുടെ വര്‍ഷങ്ങളായുള്ള ചോയിസ് ആണ്. നികുതി വ്യവസ്ഥകള്‍, ആഡംബര ജീവിതശൈലി, യുഎസ് വാഗ്ദാനം ചെയ്യുന്ന ഗോള്‍ഡന്‍ വിസ ഓപ്ഷന്‍ എന്നിവ തന്നെ കാരണങ്ങള്‍. ഇന്ത്യക്കാരുടെ ഇഷ്ട കേന്ദ്രം യുഎസ് ആണ്.