തൃശൂരിൽ പുതുക്കാട് നവജാത ശിശുക്കളെ കൊന്ന കേസിലെ പ്രതി അനിഷ പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് മൊഴി. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചത് പ്രസവത്തിന് സഹായകമായെന്ന് മൊഴി. ശുചിമുറിയിലാണ് അനീഷ പ്രസവിച്ചത്. ഗർഭാവസ്ഥ മറച്ചുവച്ചത് വയറിൽ തുണി കെട്ടിയെന്നും അനീഷ പൊലീസിനോട് പറഞ്ഞു. രണ്ടു പ്രസവകാലവും മറച്ചു പിടിക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കിയതായും പൊലീസിന് മൊഴി നൽകി. ഗർഭത്തെ ചൊല്ലി അയൽവാസികളുമായടക്കം തർക്കം ഉണ്ടായിരുന്നതായും അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചാണ് അനിഷ അയല്‍വാസികളില്‍ നിന്ന് വിവരം മറച്ചുവെച്ചതെന്നും പൊലീസ് പറയുന്നു.
മരിച്ച രണ്ട് നവജാതശിശുക്കളെയും അമ്മ അനിഷയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മാതാപിതാക്കളായ ഭവിനും അനിഷക്കുമെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. രണ്ട് കൊലപാതകങ്ങളിലായി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തു. ഭവിന്റെയും അനിഷയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
അതേസമയം, മൃതദേഹം സംസ്കരിച്ച സ്ഥലങ്ങൾ പൊലീസ് ഇന്ന് കുഴിച്ചു പരിശോധിക്കും.
2021 നവംബർ ഒന്നിനാണ് ആദ്യ കൊലപാതകം നടന്നത്. കുട്ടി ജനിച്ചതിന് പിന്നാലെ അനീഷ കുട്ടിയുടെ മുഖം പൊത്തിപിടിച്ച് കൊലപാതകം നടത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. രണ്ടാമത്തെ എഫ്ഐആറിൽ രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അടുത്ത ദിവസം ഉച്ചവരെ വീട്ടിൽ സൂക്ഷിച്ചുവെന്ന് പറയുന്നു. പിന്നാലെ അനീഷ കുഞ്ഞിന്റെ മൃതദേഹം മുണ്ടിൽ പൊതിഞ്ഞ് സഞ്ചിയിലാക്കി ഭവിന്റെ വീട്ടിലെത്തിച്ച് നൽകി. ഭവിൻ കുഞ്ഞിന്റെ മൃതദേഹം വീടിന്റെ സമീപത്തുള്ള തോട്ടിൽ കുഴിച്ചിട്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്.