ഹൈദരാബാദിനടുത്തുള്ള പശമൈലാറമിലെ ഫാർമസ്യൂട്ടിക്കൽ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 30 കടന്നു. പരിക്കേറ്റവരിൽ ഏകദേശം 15 പേർ ആശുപത്രികളിൽ വച്ചാണ് മരിച്ചത്.
തെലങ്കാനയിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ സ്ഫോടനത്തിന്റെ ശക്തിയിൽ പൂർണ്ണമായും തകർന്ന മൂന്ന് നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ഹൈദരാബാദിൽ നിന്ന് 50 കിലോമീറ്റർ അകലെ സംഗറെഡ്ഡി ജില്ലയിലെ പശമൈലാരം വ്യവസായ മേഖലയിലെ സിഗാച്ചി ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ ജൂൺ 30 ന് രാവിലെയാണ് വൻ സ്ഫോടനം ഉണ്ടായത്.
മൈക്രോക്രിസ്റ്റലിൻ സെല്ലുലോസ് (എംസിസി) ഡ്രൈയിംഗ് യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ 35 തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇതിൽ 11 പേരുടെ നില ഗുരുതരമാണ്.
27 തൊഴിലാളികളെ ഇപ്പോഴും കാണാനില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), ഹൈദരാബാദ് ദുരന്ത നിവാരണ, ആസ്തി സംരക്ഷണ ഏജൻസി (HYDRAA), റവന്യൂ, പോലീസ് എന്നിവർ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് തുടരുകയാണ്.