ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ പത്ത് കൊല്ലത്തേക്കുള്ള പ്രതിരോധ കരാറിന് ധാരണ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പെറ്റെ ഹെഗ്‌സേതും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
ഇത് സംബന്ധിച്ച് പെന്‍റഗണ്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. രാജ്‌നാഥ് സിങും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഹെഗ്‌സേതും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് പെന്‍റഗണിന്‍റെ വാര്‍ത്താക്കുറിപ്പ് പുറത്ത് വന്നിരിക്കുന്നത്.
ഇക്കൊല്ലം പിന്നീട് നടക്കുന്ന കൂടിക്കാഴ്‌ചയില്‍ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പ് വയ്ക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്ത്യയ്ക്ക് ഇനിയും നല്‍കാനുള്ള പ്രതിരോധ ഉപകരണങ്ങള്‍ സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധ വാണിജ്യ രംഗത്ത് കൂടുതല്‍ അടുക്കേണ്ടതിന്‍റെ ആവശ്യകതയും ചര്‍ച്ച ചെയ്‌തു.
ദക്ഷിണേഷ്യയിലെ സുപ്രധാന പ്രതിരോധ പങ്കാളിയായാണ് ഇന്ത്യയെ അമേരിക്ക കണക്കാക്കുന്നതെന്നും ഹെഗ്സേത് വ്യക്തമാക്കി. 2025 ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും സംയുക്തമായി നടത്തിയ പ്രസ്‌താവനയില്‍ ചില പ്രതിരോധ ലക്ഷ്യങ്ങള്‍ നേടുന്നതിനെക്കുറിച്ച് സൂചനയുണ്ടായിരുന്നു. ഇക്കാര്യങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.